യു എ ഇ: വ്യാജ വാർത്തകൾ, ഊഹാപോഹങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

featured GCC News

രാജ്യത്ത് വ്യാജവാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2024 ഏപ്രിൽ 27-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കിംവദന്തികളും, വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടുള്ള 2021-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 34 പ്രകാരമുള്ള നടപടിക്രമങ്ങളാണ് ഇത്തരക്കാർക്കെതിരെ സ്വീകരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 52 അനുസരിച്ച്, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും, കിംവദന്തികളും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കാനോ, പ്രചരിപ്പിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷയും 100000 ദിർഹം പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗവൺമെന്‍റ് അധികാരികൾക്കെതിരെ പൊതുജനാഭിപ്രായം ഉണർത്തുന്ന തെറ്റായ വാർത്തകളോ, കിംവദന്തികളോ പ്രസിദ്ധീകരിക്കുക, പകർച്ചവ്യാധി, പ്രതിസന്ധികൾ അല്ലെങ്കിൽ ദുരന്തങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്ന നിയമലംഘകർക്ക് കുറഞ്ഞത് രണ്ട് വർഷം തടവും, 200000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.