COVID-19 വാക്സിൻ സ്വീകരിക്കുന്നവർക്ക് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകി

GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്സിനുകൾ സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ മുഖവിലക്കെടുക്കരുതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം വിഷയങ്ങൾ സംബന്ധിച്ച് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കാനും പൊതുജനങ്ങളോട് മന്ത്രാലയം നിർദ്ദേശിച്ചു.

ഒമാനിൽ നൽകുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ പങ്ക് വെക്കുന്നതിനിടയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ആരോഗ്യ മന്ത്രലയത്തിന്റെ അറിയിപ്പ് പ്രകാരം, ഒമാനിൽ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

  • വാക്സിൻ ലഭിക്കുന്നതിനുള്ള മുൻഗണനാ ക്രമപ്രകാരം നിങ്ങൾക്ക് വാക്സിൻ ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് അറിയിപ്പ് ലഭിച്ച ഉടൻ തന്നെ ആരോഗ്യ കേന്ദ്രത്തിലെത്തേണ്ടതാണ്.
  • ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ, കുത്തിവെപ്പെടുത്ത് ആറ് മുതൽ നാല് ആഴ്ച്ചകൾക്ക് ശേഷം രണ്ടാം ഡോസ് നിർബന്ധമായും സ്വീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വാക്സിൻ കുത്തിവെപ്പ് കൊണ്ട് ശരിയായ ഫലം ലഭിക്കുന്നതിനായി രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിക്കേണ്ടത് നിർബന്ധമാണ്.
  • രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 7 മുതൽ 14 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് രോഗപ്രതിരോധ ശേഷി കൃത്യമായി ലഭിക്കുന്നത് എന്നതിനാൽ, വാക്സിൻ സ്വീകരിച്ച ശേഷവും മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. വാക്സിൻ ലഭിച്ച ശേഷവും രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ പരിശോധനകൾക്കായി ഉടൻ ആരോഗ്യ കേന്ദ്രങ്ങളിലെത്തേണ്ടതാണ്.
  • വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം 30 മിനിറ്റോളം ആരോഗ്യ കേന്ദ്രത്തിൽ തന്നെ നിരീക്ഷണത്തിൽ തുടരേണ്ടതാണ്. ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായാണിത്.
  • വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും കൈകളുടെ ശുചിത്വം, മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ മുൻകരുതൽ നടപടികൾ തുടരേണ്ടതാണ്.