യു എ ഇ: ഡിസംബർ 25 മുതൽ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് NCEMA

featured GCC News

2021 ഡിസംബർ 25 മുതൽ കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഡിസംബർ 23-ന് രാത്രിയാണ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന് NCEMA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, മേല്പറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഡിസംബർ 25, ശനിയാഴ്ച്ച രാത്രി 7.30 മുതൽ യു എ ഇയിലേക്ക് നേരിട്ടോ, ട്രാൻസിറ്റ് യാത്രികയോ പ്രവേശനം അനുവദിക്കുന്നതല്ല. ഈ വിലക്കുകൾ മേല്പറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ ദേശീയ, അന്തർദേശീയ വിമാനസർവീസുകൾക്കും ബാധകമാണ്.

യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 14 ദിവസത്തിനിടയിൽ കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്. യു എ ഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ റെസിഡൻസി വിസകളിലുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല. ഇത്തരം വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ്, യാത്രപുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ നിന്ന് നടത്തിയ റാപ്പിഡ് PCR റിസൾട്ട് എന്നിവ ഉപയോഗിച്ച് യു എ ഇയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇവർക്ക് യു എ ഇയിലേക്ക് പ്രവേശിച്ച ഉടനെ ഒരു PCR ടെസ്റ്റ് നടത്തുന്നതാണ്. ഇവർക്ക് 10 ദിവസത്തെ ക്വാറന്റീൻ, ഒമ്പതാം ദിനത്തിൽ PCR ടെസ്റ്റ് എന്നിവ നിർബന്ധമാണ്.

കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നതാണ്. ഇതിന് പുറമെ ഉഗാണ്ട, ഘാന എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ഏർപ്പെടുത്തുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്:

  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് (ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ) 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് (ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ) യാത്രപുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ നിന്ന് നടത്തിയ റാപ്പിഡ് PCR റിസൾട്ട് നിർബന്ധമാണ്.
  • ഈ രാജ്യങ്ങളിൽ നിന്ന് ട്രാൻസിറ്റ് യാത്രികരായി യു എ ഇയിലേക്ക് പ്രവേശിക്കുന്നവർക്ക് ട്രാൻസിറ്റ് ചെയ്യുന്ന വിമാനത്താവളത്തിൽ നിന്ന് നടത്തിയ റാപ്പിഡ് PCR റിസൾട്ട് നിർബന്ധമാണ്.