ഗ്രൂപ്പ് ഓഫ് ട്വന്റിയിൽ (ജി20) ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നൽകിയ തീരുമാനത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബൗൽ ഘെയത് സ്വാഗതം ചെയ്തു. 2023 സെപ്റ്റംബർ 11-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാനം ഇരുകൂട്ടർക്കും ഒരുപോലെ പ്രയോജനകരമായ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള സാമ്പത്തിക പുരോഗതിയിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ സംഭാവന കൂടുതൽ ശക്തമാക്കുന്നതിന് ഈ തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം, ഊർജ്ജ സുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ സുപ്രധാന ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ആഫ്രിക്കൻ രാജ്യങ്ങളുടെ കഴിവിനെ കൂടുതൽ വളർത്തുന്നതിന് ഈ തീരുമാനം വഴിതെളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂ ഡൽഹിയിൽ വെച്ച് 2023 സെപ്റ്റംബർ 9, 10 തീയതികളിൽ നടന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് ആഫ്രിക്കൻ യൂണിയന് ജി20-യിൽ സ്ഥിരാംഗത്വം നൽകിയ തീരുമാനം പ്രഖ്യാപിച്ചത്. ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള 55 അംഗരാജ്യങ്ങൾ ഉൾപ്പെടുന്ന സംഘടനയാണ് ആഫ്രിക്കൻ യൂണിയൻ.
WAM.