അൽ വുസ്ത ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. അൽ വുസ്ത ഗവർണറേറ്റിലെ ദുഖം വിലയത്തിലെ നഫുൻ മേഖലയിലുള്ള ഒരു ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നാണ് ഈ പുരാവസ്തുക്കൾ കണ്ടെടുത്തിരിക്കുന്നത്.
ചെക്ക് അക്കാഡമി ഓഫ് സയൻസസിന് കീഴിലുള്ള പുരാവസ്തുവിഭാഗവുമായി ചേർന്ന് ഈ ആർക്കിയോളജിക്കൽ സൈറ്റിൽ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നടത്തുന്ന ഉല്ഖനന പ്രവർത്തനങ്ങളുടെയും, ഗവേഷണങ്ങളുടെയും രണ്ടാം പതിപ്പിന്റെ ആദ്യ ഘട്ടത്തിലാണ് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.

ഈ ഉല്ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി നവീനശിലായുഗത്തിലെ ഒരു പൊതു ശ്മശാനം ഈ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്.
നവീനശിലായുഗത്തിൽ ഉപയോഗത്തിലുണ്ടായിരുന്ന ഈ പൊതു ശ്മശാനം പിന്നീട് ബി സി ആയിരത്തിന്റെ അവസാന കാലഘട്ടത്തിൽ വീണ്ടും ഉപയോഗിച്ചിരുന്നതായി കണക്കാക്കുന്നു. ഇവിടെ നടത്തിയ ഉല്ഖനന പ്രവർത്തനങ്ങളിൽ മണ്‍പാത്രങ്ങള്‍, ചെമ്പ് പാത്രങ്ങൾ, സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ സൂക്ഷിക്കാനുപയോഗിച്ചിരുന്ന ചിപ്പികൾ മുതലായവ കണ്ടെത്തിയിട്ടുണ്ട്.

ശിലാലിഖിതങ്ങൾ, ശവകുടീരങ്ങൾ, മൂന്ന് കല്ലുകൾ കൊണ്ട് നിർമ്മിച്ച ശ്മശാനസ്തംഭങ്ങൾ തുടങ്ങി നിരവധി പുരാവസ്തുശാസ്ത്ര സംബന്ധിയായ അടയാളങ്ങൾ നിറഞ്ഞ ഒരു പ്രദേശമാണ് നഫുൻ മേഖല.
Cover Image: Oman Ministry of Heritage & Tourism.