അബുദാബി: അൽ ഐൻ നഗരത്തിന്റെ ചരിത്ര പ്രാധാന്യം എടുത്ത് കാട്ടി ആർക്കിയോളജി കോൺഫറൻസ് 2023

featured UAE

അൽ ഐനിൽ നിന്ന് കണ്ടെത്തിയ പുരാവസ്തു അവശേഷിപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശകലനങ്ങൾ അബുദാബിയിൽ വെച്ച് നടന്ന ആർക്കിയോളജി കോൺഫറൻസ് 2023-ൽ അവതരിപ്പിച്ചു. 2023 നവംബർ 20-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിലെ സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ വെച്ചാണ് ആർക്കിയോളജി കോൺഫറൻസ് 2023 സംഘടിപ്പിച്ചത്. ഈ സമ്മേളനത്തിൽ അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പിലെ ആർക്കിയോളജിസ്റ്റ് പീറ്റർ ഷീഹാൻ ബിസി ആദ്യ നൂറ്റാണ്ടിലെ ശവകുടീരങ്ങളെക്കുറിച്ചുള്ള തന്റെ ഗവേഷണഫലങ്ങൾ അവതരിപ്പിച്ചു.

ഇത്തരം ശവകുടീരങ്ങളിൽ നിന്ന് കണ്ടെത്തിയ ചമയങ്ങള്‍, ചില്ലുകുപ്പികൾ, ഭരണികൾ മുതലായവയും, ശവകുടീരങ്ങൾക്ക് അരികിൽ നിന്ന് ലഭിച്ചിട്ടുള്ള റോമൻ മാതൃകയിലുള്ള രണ്ടു കൈകളുള്ള വലിയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഈ പ്രദേശങ്ങൾക്ക് മെഡിറ്ററേനിയന്‍ പ്രദേശങ്ങളുമായി ഉണ്ടായിരുന്ന ബന്ധങ്ങളിലേക്ക് വിരൽചൂണ്ടുന്നു. പ്രാചീന കാലഘട്ടങ്ങളിലെ അറിയപ്പെടുന്ന പ്രദേശങ്ങളിലേക്കുള്ള വാണിജ്യപാതകളുടെ വികാസത്തിന് ഉദാഹരണമാണിത്.

അൽ ഐനിൽ നിന്ന് കണ്ടെത്തിയിട്ടുള്ള ഇത്തരം ശവകുടീരങ്ങൾ ഉൾപ്പെടുന്ന ശ്‌മശാനങ്ങൾ ഈ മേഖലയിൽ നിലനിന്നിരുന്ന ഒരു പ്രാചീന ജനവാസ പ്രദേശത്തിന്റെ സാധ്യതകളെ സൂചിപ്പിക്കുന്നു. ഈ പ്രദേശത്ത് നിലനിൽക്കുന്ന ജലസേചനത്തിനുള്ള പരമ്പരാഗത രീതിയിലുള്ള ഭൂഗർഭ ചാലുകൾ സമീപത്തുള്ള അൽ ഐൻ മരുപ്പച്ചയുടെ നിർമ്മാണത്തിലേക്കും, മേഖലയിലെ പ്രകൃതിയുടെ ചരിത്രപരമായ വികസത്തിലേക്കുമാണ് വിരൽചൂണ്ടുന്നത്.