ബഹ്‌റൈൻ: മെയ് 24 മുതൽ ഇന്ത്യ ഉൾപ്പടെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രവേശനവിലക്ക്

GCC News

2021 മെയ് 24 മുതൽ ഇന്ത്യ ഉൾപ്പടെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർ എന്നീ വിഭാഗങ്ങളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മെയ് 24-ന് പുലർച്ചെയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് വിലക്കേർപ്പെടുത്തുന്നത്.

2021 മെയ് 23, ഞായറാഴ്ച്ച മുതൽ ബഹ്‌റൈൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ പൗരന്മാർ, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) മെയ് 21-ന് അറിയിച്ചിരുന്നു.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങളാണ് മെയ് 24 മുതൽ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് നടപ്പിലാക്കുന്നത്:

  • ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തും.
  • വാക്സിൻ സ്വീകരിക്കാത്തവർക്ക് ബഹ്‌റൈനിലെത്തുന്ന അവസരത്തിൽ ക്വാറന്റീൻ നിർബന്ധമാക്കും.
  • ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർ എന്നീ വിഭാഗങ്ങളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർക്ക് കർശനമായ പ്രവേശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട് (താഴെ നൽകിയിട്ടുണ്ട്).

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ:

  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 10 ദിവസത്തേക്ക് ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇതിനായി വീടുകളോ, അധികൃതർ നിർദ്ദേശിക്കുന്ന ഹോട്ടലുകളോ തിരഞ്ഞെടുക്കാവുന്നതാണ്.
  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • ഇത്തരം PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനകൾക്കായി അവയിൽ QR കോഡ് ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
  • ഇവർക്ക് ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ച് PCR പരിശോധന നടത്തുന്നതാണ്. ഇവർ പത്താം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിൻ സ്വീകരിക്കാത്ത യാത്രികർക്കും മേൽപ്പറഞ്ഞ നിബന്ധനകൾ ബാധകമാണ്.

റെഡ് ലിസിറ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്, അവർ COVID-19 വാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ടെങ്കിൽ താഴെ പറയുന്ന ഇളവുകൾ അനുവദിക്കുന്നതാണ്:

  • ബഹ്‌റൈനിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ, മറ്റു രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈൻ അംഗീകാരം നൽകിയിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുള്ളവർ, ബഹ്റൈനുമായി വാക്സിനേഷൻ വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ എന്നീ വിഭാഗങ്ങൾക്ക് രാജ്യത്ത് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ, PCR എന്നിവ ഒഴിവാക്കി നൽകുന്നതാണ്.
  • യു എസ് എ, യു കെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ്, സൗത്ത് കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.