2023 ജൂലൈ 11 മുതൽ അൽ ഫത്തേഹ് ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അൽ ഫത്തേഹ് ഹൈവേയിൽ അൽ ദുലാബ് ജംഗ്ഷൻ മേഖലയിലെ റോഡിലെ ഏതാനം വരികളാണ് അടച്ചിരിക്കുന്നത്. ഈ നിയന്ത്രണം രണ്ട് മാസം തുടരും.
താഴെ പറയുന്ന രീതിയിലാണ് ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്:
- അൽ ഫത്തേഹ് ഹൈവേയിൽ നിന്ന് ജുഫൈർ അവന്യൂവിലക്ക് വലത്തോട്ടുള്ള പാത അടയ്ക്കുന്നതാണ്. ഈ വഴി പോകേണ്ട വാഹനങ്ങൾ ചുറ്റുപാടുമുള്ള റോഡുകളിലേക്ക് (ഗുറായ്ഫാ, അവ്വാൽ അവന്യൂ മുതലായ ഇടങ്ങളിലേക്കുള്ള ആക്സസ് റോഡുകൾ) വഴിതിരിച്ച് വിടുന്നതാണ്.
- അൽ മാഹൂസ് അവന്യൂവിൽ നിന്ന് അൽ ഫത്തേഹ് ഹൈവേയിലേക്കുള്ള ഇടത്തോട്ടുള്ള പാത അടച്ചിടുന്നതാണ്. ഈ വഴി പോകേണ്ട വാഹനങ്ങൾ മിന സൽമാനിലേക്ക് വഴിതിരിച്ച് വിടുന്നതാണ്. ഇവിടെ നിന്ന് ഈ വാഹനങ്ങൾക്ക് യു-ടേൺ എടുത്ത് മനാമയിലേക്ക് പോകാവുന്നതാണ്.
അൽ ഫത്തേഹ് ഹൈവേയിലെ ഈ മേഖലയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾക്കായാണ് ഈ നിയന്ത്രണം. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്താനും, ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.