ബഹ്‌റൈൻ: COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് അംഗീകരം നൽകി

GCC News

രാജ്യത്ത് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഏപ്രിൽ 7-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ രണ്ടാം ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നിർബന്ധമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിച്ച് 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ആവശ്യമെങ്കിൽ രണ്ടാം ഡോസ് ബൂസ്റ്റർ എടുക്കാവുന്നതാണ്.

ബൂസ്റ്റർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ 9 മാസത്തെ ഇടവേളയിലും ഈ കുത്തിവെപ്പ് ആവർത്തിക്കുന്നതിനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പായി നേരത്തെ സ്വീകരിച്ച അതേ വാക്‌സിനോ, അല്ലെങ്കിൽ ഫൈസർ ബയോഎൻടെക് വാക്‌സിനോ സ്വീകരിക്കാവുന്നതാണ്.

ഈ ഡോസ് നിർബന്ധമാക്കിയിട്ടില്ലാത്തതിനാൽ രണ്ടാം ഡോസ് സ്വീകരിക്കാത്തവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് ഗ്രീനിൽ നിന്ന് യെല്ലോയിലേക്ക് മാറില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.