ബഹ്‌റൈൻ: COVID-19 വൈറസിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു; 3 ആഴ്ച്ചത്തേക്ക് മുൻകരുതൽ ശക്തമാക്കും

featured GCC News

കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദത്തിന്റെ സാന്നിദ്ധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ബഹ്‌റൈനിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഷണൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ജനുവരി 27-നാണ് ബഹ്‌റൈനിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.

ഇതിനെ തുടർന്ന് രാജ്യത്ത് മൂന്നാഴ്ച്ചത്തേക്ക് സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ജനുവരി 31 മുതൽ മൂന്നാഴ്ച്ചത്തേക്ക് വിദ്യാലയങ്ങളിൽ വിദൂര പഠന സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനം

മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി 31, ഞായറാഴ്ച്ച മുതൽ രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദൂര പഠന സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവൻ സ്വകാര്യ, പൊതു വിദ്യാലയങ്ങൾ, സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കിന്റർഗാർട്ടനുകൾ എന്നിവിടങ്ങളിൽ ഈ തീരുമാനം ബാധകമായിരിക്കും.

മൂന്നാഴ്ച്ചത്തേക്കാണ് വിദൂര പഠന സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള പരിശീലന സ്ഥാപനങ്ങൾ, നഴ്സറികൾ മുതലായ ഇടങ്ങളിലും ഈ തീരുമാനം ബാധകമാണ്.

ശീഷ കഫേകൾ നിർത്തലാക്കി; ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് ഒഴിവാക്കുന്നു

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി 31 മുതൽ രാജ്യത്തെ റെസ്റ്ററെന്റുകൾ, കഫേകൾ മുതലായ ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് താത്‌കാലികമായി നിർത്തലാക്കാൻ മിനിസ്ട്രി ഓഫ് ഇൻഡസ്ടറി, കോമേഴ്‌സ് ആൻഡ് ടൂറിസം നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാഴ്ച്ചത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഈ കാലയളവിൽ ശീഷ കഫേകൾ നിർത്തലാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷണശാലകളിൽ പരമാവധി 30 പേർക്ക് എന്ന രീതിയിൽ ഔട്ഡോർ സേവനങ്ങൾ തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ഭക്ഷണശാലകളിൽ ഇത്തരം സേവനങ്ങൾക്കായി മുൻ‌കൂർ ബുക്കിംഗ് നൽകുന്ന വേളയിൽ ഒരു മേശയിൽ പരമാവധി 6 പേർ എന്ന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.