ബഹ്‌റൈൻ: പള്ളികൾ തുറക്കുന്നത് നീട്ടി

GCC News

രാജ്യത്തെ പള്ളികൾ, നിലവിൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്ന് ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് തീരുമാനിച്ചു. പള്ളികൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ശേഷം, രാജ്യത്തെ രോഗബാധയുടെ നിലവിലെ ഉയർന്ന തോത് കണക്കിലെടുത്ത്, രോഗവ്യാപന സാധ്യതകൾ നിലനിൽക്കുന്നതിനാലാണ്, ഈ തീരുമാനമെന്ന് കൗൺസിൽ വ്യക്തമാക്കി.

പള്ളികൾ അടച്ചിടാനും, വെള്ളിയാഴ്ച്ചത്തെ പ്രാർത്ഥനകൾ പള്ളികളിൽ ഒഴിവാക്കാനും ഉണ്ടായിരുന്ന സാഹചര്യങ്ങൾ രാജ്യത്ത് നിലനിൽക്കുന്നതായി കൗൺസിൽ അഭിപ്രായപ്പെട്ടു. മുൻമാസങ്ങളേക്കാൾ, ജൂണിൽ ബഹ്‌റൈനിൽ രോഗബാധയും, COVID-19 മരണങ്ങളും വർധിച്ചതായുള്ള ആരോഗ്യ വകുപ്പുകളുടെ അറിയിപ്പുകൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും, ജനങ്ങൾ ഒരുമിച്ച് ചേർന്ന് ഇടപഴകുന്ന സാഹചര്യങ്ങൾ രോഗബാധയുടെ സാധ്യത വർധിപ്പിക്കുന്നതായും കൗൺസിൽ നിരീക്ഷിച്ചു.

ഇതിനാൽ, രാജ്യത്തെ പള്ളികൾ തുറക്കുന്നത് നീട്ടിവെക്കാനും, രോഗവ്യാപനത്തിന്റെ തോത് കുറയുന്നതിനനുസരിച്ച് വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശനം നൽകാമെന്നുമുള്ള തീരുമാനത്തിലേക്ക് കൗൺസിൽ എത്തുകയായിരുന്നു. ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും സുപ്രീം കൗൺസിൽ ഇത് സംബന്ധിച്ച സാഹചര്യങ്ങൾ വിലയിരുത്തുമെന്നും, സൂചനകൾ അനുകൂലമാണെങ്കിൽ തീരുമാനം മാറ്റുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 5 മുതൽ പള്ളികൾ തുറക്കുമെന്ന് ബഹ്‌റൈൻ അറിയിച്ചിരുന്നെങ്കിലും രോഗബാധയിലെ വർദ്ധനവിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.