യു എ ഇ: COVID-19 പ്രതിരോധ ഗവേഷണങ്ങൾക്കായി G42-ഉം ഇസ്രായേലി കമ്പനികളും ധാരണയിലെത്തി

GCC News

കൊറോണ വൈറസ് പ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾക്കും, രോഗം തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനുമായുള്ള യോജിച്ച പ്രവര്‍ത്തനങ്ങൾക്കായി യു എ ഇ – ഇസ്രായേലി കമ്പനികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42 (G42), ഇസ്രായേലിൽ നിന്നുള്ള പ്രമുഖ ടെക്നോളജി സ്ഥാപനങ്ങളായ റാഫേൽ അഡ്വാൻസ്‌ഡ് ഡിഫൻസ് സിസ്റ്റംസ് (Rafael), ഇസ്രായേൽ ഏറോസ്പേസ് ഇൻഡസ്ട്രീസ് (IAI) എന്നിവരാണ്, COVID-19 രോഗകാരണത്തിനിടയാക്കുന്ന SARS-CoV-2 വൈറസിനെതിരെയുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിനായി കൈകോർക്കുന്നത്.

ഇതിന്റെ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങ്, യു എ ഇയും – ഇസ്രായേലും തമ്മിൽ വീഡിയോ കോൺഫറൻസിലൂടെയാണ് നടപ്പിലാക്കിയത്. ഇരുകൂട്ടരുടെയും കൈവശമുള്ള പ്രവർത്തനപരിചയം, സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ‌കൊണ്ട്, മെഡിക്കൽ രംഗത്ത് അതിനൂതനമായ പ്രതിവിധികളുടെ വികസനം എങ്ങിനെ സാധ്യമാക്കാം എന്നതിനെക്കുറിച്ച് ഈ ചടങ്ങിൽ ചർച്ചകൾ നടന്നു. ഇരു രാജ്യങ്ങൾക്കും മാത്രമല്ല, മനുഷ്യകുലത്തിന് ഒട്ടാകെ ഗുണകരമാകുന്നതായിരിക്കും ഈ സംയോജിത പ്രവർത്തനങ്ങളെന്ന് ഇരുവിഭാഗവും പ്രത്യാശ പ്രകടിപ്പിച്ചു.

മേഖലയിലെ COVID-19 ഗവേഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനങ്ങൾ ഒരുമിക്കുന്നതിലൂടെ ലഭ്യമാകുന്ന കൂട്ടായ അറിവുകളും, സാങ്കേതിക വിദ്യകളും SARS-CoV-2-വിനെതിരായ പ്രതിരോധ മാർഗങ്ങളുടെ വികസനം ത്വരിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗോളതലത്തിൽ ആദ്യമായി, നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം യു എ ഇയിൽ ആരംഭിച്ചതായി, ഏതാനം ദിവസങ്ങൾക്ക് മുൻപ് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. അബുദാബി ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ, യു എ ഇയിലെ ക്ലിനിക്കൽ ട്രയൽ പ്രവർത്തനങ്ങൾക്ക്, ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പുമായി ചേർന്ന്, G42-വാണ് നേതൃത്വം നൽകുന്നത്.