ബഹ്‌റൈനിലെ സമ്പദ്‌വ്യവസ്ഥ COVID-19 മഹാമാരിക്ക് മുൻപ് ഉണ്ടായിരുന്ന നിലയിലേക്ക് തിരികെയെത്തിയതായി വാണിജ്യ മന്ത്രാലയം

Bahrain

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിന് മുൻപ് ഉണ്ടായിരുന്ന നിലയിലേക്ക് തിരികെയെത്തിയതായി ബഹ്‌റൈൻ ഫിനാൻസ് ആൻഡ് നാഷണൽ ഇക്കോണമി വകുപ്പ് മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ വ്യക്തമാക്കി. ഓഗസ്റ്റ് 2021-ലെ സാമ്പത്തിക സൂചികകൾ പ്രകാരം, രാജ്യത്തെ വിവിധ വാണിജ്യ മേഖലകളുടെ പ്രകടനം 2019-ലെ ഇതേ കാലയളവിലേതുമായി സമാനമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് സാഹചര്യം മൂലം ഉടലെടുത്ത പ്രതിസന്ധിയിൽ നിന്ന് സാമ്പത്തിക മേഖല തുടർച്ചയായി കരകയറുന്നതിന്റെ ലക്ഷണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈനിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2021 ഓഗസ്റ്റ് മാസത്തിൽ അനുവദിച്ച ബിൽഡിംഗ് പെർമിറ്റുകളുടെ എണ്ണം 2019-ലെ ഇതേ കാലയളവിൽ അനുവദിച്ച പെർമിറ്റുകളെക്കാൾ 64.4 ശതമാനം ഉയർന്നതായും അദ്ദേഹം അറിയിച്ചു. വ്യാപാര മേഖലയിൽ 55 ശതമാനത്തിന്റെ ഉയർച്ച രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസം മേഖലയിലും ഈ വളർച്ച പ്രകടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂറിസം മേഖലയിലെ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബുക്കിംഗ് നിരക്ക് 48 ശതമാനം കടന്നതായും അദ്ദേഹം അറിയിച്ചു.