ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ ഇരുപത്താറായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകിയതായി തൊഴിൽ വകുപ്പ് മന്ത്രി

Bahrain

രാജ്യത്തെ നാഷണൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ ഏതാണ്ട് ഇരുപത്താറായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകിയതായി ബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അൽ ഹുമൈദാൻ അറിയിച്ചു. ബഹ്‌റൈനിലെ 6642 സ്വകാര്യ സ്ഥാപനങ്ങളിലായാണ് ഈ പദ്ധതിയുടെ കീഴിൽ പൗരന്മാരെ നിയമിച്ചിരിക്കുന്നത്.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അഡ്വൈസറി മിഷൻ അധികൃതരുമായി നടത്തിയ ഒരു വിർച്യുൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ നേരിടുന്നതിൽ ബഹ്‌റൈൻ സ്വീകരിച്ച നിലപാടുകൾ, സാമ്പത്തിക ഉത്തേജന പദ്ധതികൾ, തൊഴിൽ മേഖലയുടെ ഉന്നമനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള നടപടികൾ തുടങ്ങിയവ അദ്ദേഹം ഈ യോഗത്തിൽ ചൂണ്ടിക്കാട്ടി.

ഇതിന്റെ ഭാഗമായി ഓരോ വർഷവും 20000 ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിൽ നൽകുന്നതിനും, പതിനായിരം പൗരന്മാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2021-ൽ ഇത്തരത്തിൽ പന്തീരായിരത്തിലധികം പൗരന്മാർക്ക് പരിശീലനം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.