‘BeAware Bahrain’ ആപ്പിൽ നിന്നുള്ളതെന്ന രൂപത്തിൽ വരുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളെക്കുറിച്ച് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ടുളള ഇത്തരം വ്യാജസന്ദേശങ്ങൾ രാജ്യത്ത് ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടതായും, ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അതോറിറ്റി വ്യക്തമാക്കി.
ഓഗസ്റ്റ് 13-നാണ് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. SMS സന്ദേശങ്ങളുടെ രൂപത്തിൽ വരുന്ന തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ തട്ടിപ്പിന്റെ ഭാഗമായി, ‘വാക്‌സിൻ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് ഈ സന്ദേശത്തിന് മറുപടി നൽകുക.’, ‘BeAware Bahrain ആപ്പിലെ വിവരങ്ങൾ പുതുക്കുന്നതിന് താഴെ നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.’ തുടങ്ങിയ വ്യാജ SMS സന്ദേശങ്ങളാണ് BeAware ആപ്പിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ, ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുകയോ ചെയ്യരുതെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.