ബഹ്‌റൈൻ: ഗോൾഡൻ റെസിഡൻസി വിസ പദ്ധതി ആരംഭിച്ചു

GCC News

വിദേശികൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ നൽകുന്നത് ലക്ഷ്യമിടുന്ന ഗോൾഡൻ റെസിഡൻസി വിസ പദ്ധതിയ്ക്ക് തുടക്കമിട്ടതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെക്കുന്ന യോഗ്യതകൾ പാലിക്കുന്ന വിദേശികൾക്ക് (നിലവിൽ റെസിഡൻസി വിസകൾ ഉള്ളവർക്കും, ഇല്ലാത്തവർക്കും ബാധകം) ഓൺലൈനിലൂടെ ഇതിനായി അപേക്ഷിക്കുന്നതിനും, കാലതാമസം കൂടാതെ ഇതിന്റെ തുടർനടപടികൾ നേടുന്നതിനും ഈ പദ്ധതി അവസരമൊരുക്കുന്നു.

രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് ബഹ്‌റൈൻ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 7-ന് രാത്രി അൽ ഖുതെയ്ബിയയിലെ ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈൻ നാഷണാലിറ്റി പാസ്സ്‌പോർട്ട്സ് ആൻഡ് റെസിഡൻസി അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷെയ്ഖ് അഹ്‌മദ്‌ ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവർ സംയുക്തമായാണ് ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തത്. ബഹ്റൈനിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും, ബഹ്‌റൈനിലെ സാമ്പത്തിക മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള പ്രവാസികളോടുള്ള ബഹുമതി എന്ന രീതിയിലുമാണ് ഈ പദ്ധതിയെന്ന് ഷെയ്ഖ് ഹിഷാം വ്യക്തമാക്കി.

മന്ത്രാലയം മുന്നോട്ട് വെക്കുന്ന യോഗ്യതകൾ നിലനിർത്തുന്ന വിദേശികൾക്ക് ഈ പദ്ധതിയുടെ കീഴിൽ അനുവദിക്കുന്ന വിസകൾ അനന്തമായ കാലത്തേക്ക് പുതുക്കുന്നതിന് അവസരം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഗോൾഡൻ റെസിഡൻസി വിസകളിലുള്ളവർക്ക് നിയന്ത്രണങ്ങളില്ലാതെ ബഹ്റൈനിലേക്കും, തിരികെയും യാത്ര ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതാണ്. ഇതോടൊപ്പം അടുത്ത ബന്ധുക്കൾക്ക് ബഹ്‌റൈനിൽ റെസിഡൻസി വിസ ലഭിക്കുന്നതും, ജോലിചെയ്യുന്നതിനുള്ള അനുമതി ലഭിക്കുന്നതുമാണ്.

നിലവിൽ ബഹ്‌റൈൻ റെസിഡൻസി വിസകളുള്ളവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഗോൾഡൻ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്:

  • അഞ്ച് വർഷം ബഹ്‌റൈനിൽ തുടർച്ചയായി താമസിച്ചിരിക്കണം.
  • ഈ കാലയളവിൽ പ്രതിമാസം ചുരുങ്ങിയത് 2000 ദിനാറെങ്കിലും അടിസ്ഥാന ശമ്പളമായി നേടിയിരിക്കണം.

ഇതിന് പുറമെ താഴെ പറയുന്ന യോഗ്യതകൾ ഉള്ള വിദേശികൾക്കും ഗോൾഡൻ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്:

  • ബഹ്‌റൈനിൽ ചുരുങ്ങിയത് രണ്ട് ലക്ഷം ദിനാറെങ്കിലും മൂല്യമുള്ള ഒന്നോ അതിലധികമോ കെട്ടിടങ്ങളുടെ ഉടമകൾ, അല്ലെങ്കിൽ മാസം 4000 ദിനാറെങ്കിലും വരുമാനമുള്ള ജോലിയിൽ നിന്ന് വിരമിച്ചവർ.
  • ഏതാനം മേഖലകളിൽ അതീവ നിപുണരായ വിദേശികൾക്കും ഈ പദ്ധതിയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ നൽകുന്നതാണ്.

ഇത്തരം വിസകൾ നേടുന്ന വ്യക്തികൾ വിസ നിലനിർത്തുന്നതിനായി വർഷം തോറും 90 ദിവസമെങ്കിലും ബഹ്‌റൈനിൽ താമസിക്കേണ്ടതാണ്.

Cover Photo: Bahrain News Agency.