ബഹ്‌റൈൻ: നാല് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

GCC News

നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി. 2023 ജൂൺ 22-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ ഗവർണറേറ്റുകളിലെ തൊഴിലിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് LMRA പരിശോധനകൾ നടത്തിയത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം, ബഹ്‌റൈൻ വാണിജ്യ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് വകുപ്പ്, ജനറൽ ഡയറക്ടറേറ്റ് ഫോർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, നാഷണാലിറ്റി പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് LMRA ഈ പരിശോധനകൾ നടത്തിയത്.

ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

തൊഴിൽ മേഖലയിലെ നിയമവിരുദ്ധമായ പ്രവണതകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യവ്യാപകമായി ശക്തമാക്കിയതായി LMRA നേരത്തെ അറിയിച്ചിരുന്നു.

Cover Image: Bahrain News Agency.