ബഹ്‌റൈൻ: തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി സൗത്തേൺ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

Bahrain

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സൗത്തേൺ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. സൗത്തേൺ ഗവർണറേറ്റിൽ പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന വിവിധ ഇടങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലുമാണ് 2021 ഡിസംബർ 1-ന് LMRA പരിശോധനകൾ നടത്തിയത്.

LMRA-യുടെ കീഴിലുള്ള ലേബർ ഇൻസ്‌പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA), സൗത്തേൺ ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്. തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവ മറികടന്ന ഏതാനം പ്രവാസികളെ ഈ പരിശോധനയുടെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ പ്രവാസി തൊഴിലാളികൾ LMRA മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഈ പരിശോധന. തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ നടപ്പിലാക്കുമെന്ന് LMRA നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ് എന്നിവിടങ്ങളിൽ നേരത്തെ LMRA-യുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയിരുന്നു.

അനധികൃതർ കുടിയേറ്റക്കാരെ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരം നാട് കടത്തുമെന്ന് LMRA നേരത്തെ അറിയിച്ചിരുന്നു.

Cover Image: Bahrain News Agency.