ബഹ്‌റൈൻ: തൊഴിലാളികൾക്ക് സിവിൽ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് സഹായങ്ങൾ നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ചു

GCC News

രാജ്യത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് സിവിൽ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് സഹായങ്ങൾ നൽകുന്നതിനായി ബഹ്‌റൈൻ നിയമ മന്ത്രാലയം, ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) എന്നിവർ ചേർന്ന് ഒരു പ്രത്യേക സംയുക്ത സംരംഭം ആരംഭിച്ചു. 2023 ഏപ്രിൽ 8-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ അംഗീകൃത ലേബർ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കാണ് ഈ സഹായം ലഭ്യമാക്കുന്നത്. ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽപരമായ പരാതികൾ നൽകുന്നതിന് പിന്തുണ നൽകുന്നതിനായാണ് LMRA 2020-ൽ ഇത്തരം ഒരു രജിസ്‌ട്രേഷൻ ആരംഭിച്ചത്.

ബഹ്‌റൈൻ നിയമ മന്ത്രാലയം, LMRA എന്നിവർ ചേർന്ന് ആരംഭിച്ചിട്ടുളള ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായി LMRA-യുടെ കീഴിലുള്ള പ്രൊട്ടക്ഷൻ ആൻഡ് ഗ്രീവൻസസ് സെന്ററാണ് രജിസ്‌റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് അവരുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സിവിൽ ലോ സ്യൂട്ട് ഫയൽ ചെയ്യുന്നതിനുള്ള സഹായം നൽകുന്നത്. ഇതിനായി നിർമ്മിച്ചിട്ടുള്ള ഒരു ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഇത്തരം സിവിൽ കേസുകൾ ഫയൽ ചെയ്യുന്നത്.

ഒരു സിവിൽ ലോ സ്യൂട്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഓരോ ഘട്ടത്തിലെ പുരോഗതിയും നേരിട്ട് വിലയിരുത്തുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. തൊഴിലാളികൾക്ക് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട നിയമോപദേശം ലഭിക്കുന്നതിന് സമീപിക്കാവുന്ന അംഗീകൃത വക്കീലന്മാരുടെ വിവരങ്ങളും ഈ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതാണ്. രജിസ്‌റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ ഫയൽ ചെയ്യുന്ന സിവിൽ കേസുകളുടെ നടപടിക്രമങ്ങൾ, ഇതിലെ വിവരങ്ങളിൽ വരുത്തേണ്ട ഭേദഗതികൾ, വിവർത്തകരുടെ സേവനം മുതലായവയിലെല്ലാം LMRA പിന്തുണ നൽകുന്നതാണ്.

Cover Image: Bahrain News Agency.