ജനങ്ങൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ കൂടാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്ന തരത്തിലുള്ള സേവനം റദ്ദാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 24-ന് രാത്രിയാണ് മന്ത്രാലയം ഈ തീരുമാനം അറിയിച്ചത്.
ഡിസംബർ 25, വെള്ളിയാഴ്ച്ച മുതൽ വാക്സിനേഷനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മുൻകൂർ ബുക്കിംഗ് ഇല്ലാതെ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വാക്സിനേഷൻ യത്നത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് കണ്ടുവരുന്ന വലിയ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ, ആരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് ഈ തീരുമാനം മന്ത്രാലയം അടിയന്തിരമായി പിൻവലിക്കുകയായിരുന്നു. പൗരന്മാരും, പ്രവാസികളും ഉൾപ്പടെ വലിയ രീതിയിൽ വെള്ളിയാഴ്ച്ച മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന സാഹചര്യം ഉണ്ടായാൽ, COVID-19 പ്രതിരോധ സുരക്ഷാ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച്ച സംഭവിക്കാമെന്ന നിഗമനവും ഈ തീരുമാനത്തിന് കാരണമായതായാണ് സൂചന.
പുതിയ തീരുമാന പ്രകാരം വാക്സിനേഷനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിന് മുൻകൂർ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. https://healthalert.gov.bh/en/category/vaccine എന്ന വിലാസത്തിൽ ഈ രെജിസ്ട്രേഷൻ പൂർത്തിയാകാവുന്നതാണ്.
സ്വീകരിക്കാൻ താത്പര്യമുള്ള COVID-19 വാക്സിൻ (‘ഫൈസർ’ അല്ലെങ്കിൽ ‘സിനോഫോം’), ആരോഗ്യ കേന്ദ്രം എന്നിവ തിരഞ്ഞെടുക്കാനുള്ള സൗകര്യം മന്ത്രാലയം പുതിയതായി ഓൺലൈൻ രെജിസ്ട്രേഷൻ സംവിധാനത്തിൽ ചേർത്തിട്ടുണ്ട്.
രാജ്യത്തെ 18 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിൻ, ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ എന്നിങ്ങനെ രണ്ട് തരം വാക്സിനുകൾ ബഹ്‌റൈനിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഡിസംബർ 24, വ്യാഴാഴ്ച്ച രാത്രി 9 മണി വരെ ബഹ്‌റൈനിൽ 50071 പേർ COVID-19 വാക്സിൻ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Cover Photo: @MOH_Bahrain