രാജ്യത്തെ മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത് തന്നെ യാഥാർഥ്യമാകുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ വ്യക്തമാക്കി. മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. 29 കിലോമീറ്ററിലായി 20 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം കിംഗ് ഹമദ് ഇന്റർനാഷണൽ പാസെഞ്ചർ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്നും സ്രോതസുകൾ അറിയിച്ചിട്ടുണ്ട്.
മുഹറഖ്, കിംഗ് ഫൈസൽ സ്ട്രീറ്റ്, ജുഫൈർ, സീഫ്, സൽമാനിയ മുതലായ ഇടങ്ങളിൽ ഇതിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ആകെ 109 കിലോമീറ്റർ നീളത്തിലുള്ള റെയിൽ പാതകൾ ഉൾക്കൊള്ളുന്നതാണ് ഈ മെട്രോ പദ്ധതി.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ നിർമ്മാണ ചുമതല ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്, സീഫ് മാൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ പദ്ധതിയുടെ ആദ്യ ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്.