അബുദാബി: ഈദുൽ അദ്ഹ അവധിദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി പോലീസ്

GCC News

എമിറേറ്റിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അബുദാബി പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി. 2023 ജൂൺ 23-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിലെ റോഡ്‌ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സമഗ്രമായ സെക്യൂരിറ്റി, ട്രാഫിക് പദ്ധതിയ്ക്ക് രൂപം നൽകിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. അബുദാബിയിലെ പ്രവാസികളുടെയും, പൗരന്മാരുടെയും, സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി.

ഇതിന്റെ ഭാഗമായി അബുദാബിയിലെ എല്ലാ പ്രധാന പാതകളിലും, ഉൾറോഡുകളിലും, വിനോദസഞ്ചാര മേഖലകളിലും പോലീസ്, സെക്യൂരിറ്റി പെട്രോളിംഗ് കൂടുതൽ ശക്തമാക്കുന്നതാണ്. ആൾത്തിരക്ക് ഉണ്ടാകാനിടയുള്ള വാണിജ്യ കേന്ദ്രങ്ങൾ, ചന്തകൾ, പൊതു പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ്.

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ ട്രാഫിക് നിയമങ്ങൾ, റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ പാലിക്കാൻ പോലീസ് എല്ലാവരോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ എമിറേറ്റിൽ നിയമം മൂലം നിരോധിച്ചിട്ടുള്ള കരിമരുന്ന് വസ്തുക്കൾ, പടക്കങ്ങൾ മുതലായവ ഉപയോഗിക്കരുതെന്നും, ഇത്തരം വസ്തുക്കൾ വിപണനം ചെയ്യരുതെന്നും പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

റോഡിൽ വാഹനങ്ങൾ ഓടിക്കുന്നവർ അശ്രദ്ധമായ ഡ്രൈവിംഗ് രീതികൾ, അപകടകരമായ ഡ്രൈവിംഗ് ശൈലികൾ, റോഡിലെ വാഹനങ്ങളുടെ റേസ് മുതലായ ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവർ അമിത വേഗത ഒഴിവാക്കണമെന്നും, വാഹനം ഓടിക്കുന്ന അവസരത്തിൽ ഫോൺ ഉപയോഗിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

അടിയന്തിര അവസരങ്ങളിൽ പൊതുജനങ്ങൾക്ക് 999 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്പറിലൂടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

Cover Image: @ADPoliceHQ.