ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി

GCC News

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിന്റെ പ്രാധാന്യം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിൽ നിന്നുള്ള ഗവേഷണഫലങ്ങൾ പ്രകാരം, സിനോഫാം, ഫൈസർ ബയോഎൻടെക്, സ്പുട്നിക് V, ആസ്ട്രസെനേക തുടങ്ങിയ COVID-19 വാക്സിനുകളുടെ രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിനകം ഒരു ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണെന്ന് ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ വ്യക്തമാക്കി.

COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങൾക്കെതിരെ മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് ബൂസ്റ്റർ ഡോസ് സഹായകമാണെന്ന് ടാസ്ക്ഫോഴ്സ് അറിയിച്ചു. രോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ രോഗം തീവ്രമാകുന്നത് തടയുന്നതിനും, മരണത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ബൂസ്റ്റർ ഡോസ് സഹായകമാണെന്നും ടാസ്‌ക്‌ഫോഴ്‌സ്‌ കൂട്ടിച്ചേർത്തു.

രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും COVID-19 വാക്സിനിന്റെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവർക്ക് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലും, BeAware ആപ്പിലും ലഭ്യമാണ്.