വീടുകളിലും മറ്റും വെച്ച് സംഘടിപ്പിക്കുന്ന സാമൂഹിക ചടങ്ങുകൾ, കുടുംബ സംഗമങ്ങൾ, ആഘോഷപരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട് കർശനമായും പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഫെബ്രുവരി 8-നാണ് മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്.
പൊതു സമൂഹത്തിലെ COVID-19 വ്യാപനം തടയുന്നതിന് ലക്ഷ്യമിട്ട് താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയിട്ടുള്ളത്:
- വീടുകളിൽ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ പരമാവധി 30 അതിഥികൾക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. വീടുകൾക്കുള്ളിലും, പുറത്തും വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങുകൾക്ക് ഈ നിർദ്ദേശം ബാധകമാണ്.
- ഭക്ഷണം വിളമ്പുന്ന മേശകളിൽ പരാമാവധി 6 പേർക്ക് വീതം മാത്രമേ ഇരിപ്പിടം നൽകാവൂ.
- പങ്കെടുക്കുന്നവർ തമ്മിൽ ചുരുങ്ങിയത് 2 മീറ്റർ അകലം ഉറപ്പാക്കേണ്ടതാണ്.
- ബുഫെ സേവനങ്ങൾ അനുവദിക്കില്ല.
- പങ്കെടുക്കുന്നവർക്ക് ഭക്ഷണം കഴിക്കുന്ന വേളകളിലൊഴികെ മുഴുവൻ സമയവും മാസ്കുകൾ നിർബന്ധമാണ്.
- അതിഥികൾ സ്പർശിക്കാനിടവരുന്ന ഇടങ്ങൾ തുടർച്ചയായി അണുവിമുക്തമാക്കേണ്ടതാണ്.
- ശുചിമുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ്.
- കൈകൾ ശുചിയാക്കുന്നതിനായി സാനിറ്റൈസറുകൾ ഉറപ്പാക്കേണ്ടതാണ്.
- COVID-19 രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അതിഥികളെ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കരുത്.
- ചടങ്ങുകളിൽ വെച്ച് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിക്കപ്പെടുന്ന അവസരത്തിൽ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിനെ കൃത്യമായി വിവരം അറിയിക്കേണ്ടതാണ്.
ഇത്തരം നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ രാജ്യത്തെ നിയമം ’34/ 2018′-ലെ ആർട്ടിക്കിൾ 121-ൽ അനുശാസിക്കുന്ന ശിക്ഷകൾ പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.