COVID-19: അബുദാബിയിലുടനീളം ഷോപ്പിംഗ് മാളുകൾ അണുവിമുക്തമാക്കി

GCC News

അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ അണുവിമുക്തമാക്കിയതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു. DMT-യും അബുദാബി വേസ്റ്റ് മാനേജ്‌മന്റ് സെന്ററും (Tadweer), മറ്റ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ചേർന്ന് സംയുക്തമായാണ് അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിവടങ്ങളിലായി 31 ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഏപ്രിൽ 11 മുതൽ പ്രത്യേക ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി 225 എൻജിനീയർമാരും, അണുനിവാരണ പ്രവർത്തനങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരും പങ്കെടുത്തതായി അധികൃതർ വ്യക്തമാക്കി. 175-ൽ പരം ഉപകരണങ്ങളും, പ്രകൃതി സൗഹാർദ്രപരമായ അണുനശീകരണ സംവിധാനങ്ങളും ഉപയോഗിച്ചാണ് വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങളിലെ നിലം, ഇടനാഴികൾ, എലവേറ്ററുകൾ, കോണിപ്പടികൾ, പ്രാർത്ഥനാ മുറികൾ, പാർക്കിങ്ങ് ഇടങ്ങൾ എന്നിവയും, ഷോപ്പിംഗ് കാർട്ടുകളും, ഷോപ്പിംഗ് ബാസ്കറ്റുകളും, പേയ്‌മെന്റ് കേന്ദ്രങ്ങളും അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

യു എ ഇയിലെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് DMT ഈ ശുചീകരണ പരിപാടി അബുദാബിയിലുടനീളം നടപ്പിലാക്കിയത്.