ഖത്തർ: ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു

GCC News

ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1, ശനിയാഴ്ച്ച പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. ആദ്യ ഘട്ടത്തിൽ ഓറഞ്ച് ലൈനിലെ ആറ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടാണ് ലുസൈൽ ട്രാം സർവീസ് പ്രവർത്തിപ്പിക്കുന്നത്.

മറീന, മറീന പ്രോമിനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്, എനർജി സിറ്റി സൗത്ത്, ലഖ്‌താഫിയ സ്റ്റേഷൻ എന്നീ ആറ് സ്റ്റേഷനുകളിലൂടെയാണ് ആദ്യ ഘട്ടത്തിൽ ലുസൈൽ ട്രാം സർവീസ് നടത്തുന്നത്. ഇതിൽ ലഖ്‌താഫിയ സ്റ്റേഷൻ ലുസൈൽ ട്രാം, ദോഹ മെട്രോ എന്നിവയുടെ സംയോജിത സ്റ്റേഷനായാണ് പ്രവർത്തിക്കുന്നത്.

COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് മുതൽ സ്റ്റാൻഡേർഡ്, ഫാമിലി എന്നീ രണ്ട് ക്ലാസുകളിൽ പരമാവധി 209 യാത്രികർക്ക് വരെ സഞ്ചരിക്കാവുന്ന രീതിയിലാണ് ഈ ട്രാം സർവീസുകൾ ഒരുക്കുന്നത്. ഈ പദ്ധതിയുടെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ ലുസൈൽ നഗരത്തിന്റെ എല്ലാ മേഖലകളിലേക്കും ട്രാം സേവനം ലഭ്യമാകുന്നതാണ്. ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും, ആഴ്ച്ചയിൽ ഏഴ് ദിവസം തോറും പ്രവർത്തിക്കുന്ന രീതിയിലാണ് ലുസൈൽ ട്രാം സർവീസ് ആരംഭിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ താഴെ പറയുന്ന സമയക്രമങ്ങളിലാണ് ലുസൈൽ ട്രാം പ്രവർത്തിക്കുന്നത്:

  • ശനി മുതൽ ബുധൻ വരെയുള്ള ദിനങ്ങളിൽ – രാവിലെ 6 മുതൽ രാത്രി 11 വരെ.
  • വ്യാഴം – രാവിലെ 6 മുതൽ രാത്രി 11:59 വരെ.
  • വെള്ളി – ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെ.

നിർമ്മാണം പൂർത്തിയാക്കുന്നതോടെ 28 കിലോമീറ്റർ നീളത്തിൽ നാല് ലൈനുകളിലായാണ് ലുസൈൽ ട്രാം സർവീസ് പ്രവർത്തിക്കുന്നത്. ആകെ 25 സ്റ്റേഷനുകളാണ് ലുസൈൽ ട്രാം സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ രണ്ട് സ്റ്റേഷനുകൾ (ലഖ്‌താഫിയ, ലുസൈൽ) ദോഹ മെട്രോയുമായി ട്രാം സംവിധാനത്തെ ബന്ധപ്പെടുത്തുന്നു.

നിലവിലെ ദോഹ മെട്രോ ട്രാവൽ കാർഡുകൾ ഉപയോഗിച്ച് കൊണ്ട് ഉപഭോക്താക്കൾക്ക് ട്രാം സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് മെട്രോ, ട്രാം ശൃംഖലകളിലൂടെ തടസങ്ങളില്ലാതെ സഞ്ചരിക്കുന്നതിനും, മെട്രോ എക്സ്പ്രസ്സ്, മെട്രോലിങ്ക് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും യാത്രികർക്ക് അവസരം നൽകുന്നു.

Source: Qatar News Agency.

ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി ഖത്തർ ട്രാൻസ്‌പോർട്ട് മിനിസ്റ്റർ H.E. ജാസ്സിം സൈദ് അഹ്‌മദ്‌ അൽ സുലൈത്തി, ഖത്തർ റെയിൽ സി ഇ ഓയും, മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രിയുമായ H.E. ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഹ് എന്നിവർ ട്രാം സംവിധാനങ്ങൾ നേരിട്ടെത്തി പരിശോധിച്ചു.

Cover Image: Source: Qatar News Agency.