ഒമാനിലെത്തുന്നവർക്കുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ: വ്യാജ ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പ്

GCC News

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി നിർബന്ധമാക്കിയിട്ടുള്ള മുൻ‌കൂർ ഹോട്ടൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ നൽകുന്നവർക്ക് ഒമാൻ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം മുന്നറിയിപ്പ് നൽകി. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ മറികടക്കുന്നതിനായി, ഒമാനിലേക്ക് പ്രവേശിച്ച ഏതാനം യാത്രികർ തെറ്റായതും, വ്യാജമായതുമായ ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ നൽകിയ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

നാഷണൽ എമർജൻസി മാനേജ്‌മന്റ് കമ്മിറ്റിയുടെ കീഴിൽ വരുന്ന റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം കോഓർഡിനേറ്റർ ഹമൗദ് അൽ മുന്താരിയാണ് ഇക്കാര്യം അറിയിച്ചത്. ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പ്രകടമാക്കുന്ന വിമുഖത കണക്കിലെടുത്താണ്, 2021 ഫെബ്രുവരി 15 മുതൽ വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും സുപ്രീം കമ്മിറ്റി 7 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയത്.

രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി സ്വന്തം ഇഷ്ടപ്രകാരമുള്ള ഹോട്ടലുകളോ, അല്ലെങ്കിൽ ബന്ധപ്പെട്ട അധികൃതർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ നിന്നുള്ള ഹോട്ടലുകളോ സ്വന്തം ചെലവിൽ തിരഞ്ഞെടുക്കാവുന്നതാണ്. ഒമാനിലേക്ക് പ്രവേശിക്കുന്ന എല്ലാ വിമാനസർവീസുകളിലും ഇത്തരം മുൻ‌കൂർ ഹോട്ടൽ ബുക്കിംഗ് ഉള്ള യാത്രികർക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്. യാത്രികർ ഒമാനിലേക്കുള്ള യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളിൽ ചെക്ക്-ഇൻ നടപടികൾക്ക് മുൻപായി ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി തിരഞ്ഞെടുത്ത ഹോട്ടലിൽ നിന്നുള്ള മുൻ‌കൂർ ഹോട്ടൽ ബുക്കിംഗ് രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

ഈ സാഹചര്യത്തിൽ, ഒമാനിലേക്ക് പ്രവേശിക്കുന്ന നിരവധി യാത്രികരിൽ ഇത്തരം ഹോട്ടൽ ബുക്കിങ്ങുകൾ വ്യാജമായി നൽകുന്ന പ്രവണത രേഖപ്പെടുത്തിയതായി ഹമൗദ് അൽ മുന്താരി അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും, ഇവ കണ്ടെത്തുന്നതിനായി കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒമാനിലേക്ക് പ്രവേശിക്കുന്നവർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി നൽകുന്ന ഹോട്ടൽ ബുക്കിങ്ങുകളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പിക്കുന്നതിനായി വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രികരെ ഇത്തരം ഹോട്ടലുകളിൽ നേരിട്ടെത്തി പരിശോധിക്കുന്ന തരത്തിൽ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമലംഘകർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.