ഖത്തർ: സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ രണ്ട് പുതിയ COVID-19 പരിശോധനാരീതികൾക്ക് അംഗീകാരം

featured GCC News

രാജ്യത്തെ സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലെ COVID-19 ടെസ്റ്റിംഗ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനത്തിന്റെ ഭാഗമായി, നിലവിലുള്ള PCR പരിശോധനാ രീതിയ്ക്ക് പുറമെ ആന്റിബോഡി പരിശോധനകൾ, ആന്റിജൻ പരിശോധനകൾ എന്നിവ നടത്തുന്നതിനും ഖത്തറിലെ സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

മെയ് 29-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതോടെ ഖത്തറിലെ സ്വകാര്യ ആശുപത്രികളിൽ നിന്നും, ക്ലിനിക്കുകളിൽ നിന്നും മൂന്ന് തരത്തിലുള്ള COVID-19 ടെസ്റ്റിംഗ് നടത്താവുന്നതാണ്.

ഈ തീരുമാനപ്രകാരം ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് താഴെ പറയുന്ന മൂന്ന് COVID-19 ടെസ്റ്റിംഗ് ലഭ്യമാണ്:

റാപിഡ് ആന്റിജൻ ടെസ്റ്റിംഗ്:

  • വ്യക്തികളിൽ COVID-19 വൈറസ് ആന്റിജനുകളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് ഉപയോഗിക്കാവുന്ന വേഗമേറിയതും, ഏറെക്കുറെ കൃത്യമായതുമായ ടെസ്റ്റിംഗ് രീതിയാണിത്.
  • ആശുപത്രികളിലും മറ്റും ചികിത്സാ ആവശ്യങ്ങൾക്കായെത്തുന്നവരിൽ പെട്ടന്ന് COVID-19 രോഗബാധ കണ്ടെത്തുന്നതിന് ഈ പരിശോധന ഉപയോഗപ്പെടുത്താവുന്നതാണ്.
  • മൂക്കിൽ നിന്നുള്ള സ്രവം പരിശോധിച്ചാണ് ഈ ടെസ്റ്റ് നടത്തുന്നത്. പതിനഞ്ച് മിനിറ്റിനകം റിസൾട്ട് ലഭിക്കുന്നതാണ്.

ആന്റിബോഡി ടെസ്റ്റിംഗ്:

  • മുൻപുണ്ടായ COVID-19 രോഗബാധ മൂലമോ, വാക്സിനേഷന്റെ ഭാഗമായോ ശരീരത്തിൽ കൊറോണ വൈറസിനെതിരായ രോഗപ്രതിരോധ ശേഷി ആർജ്ജിച്ചിട്ടുണ്ടോ എന്നതാണ് ഈ ടെസ്റ്റിംഗ് രീതിയിൽ പരിശോധിക്കുന്നത്.
  • സ്വകാര്യ ക്ലിനിക്കുകളിൽ ഡോക്ടർ, നഴ്സ്, മറ്റു ആരോഗ്യപ്രവർത്തകർ എന്നിവർക്ക് ഈ പരിശോധന നടത്താവുന്നതാണ്.
  • ഒരു തുള്ളി രക്തം ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. സാധാരണ രീതിയിൽ പതിനഞ്ച് മിനിറ്റിനകം റിസൾട്ട് ലഭിക്കുന്നതാണ്.

PCR ടെസ്റ്റിംഗ്:

  • പ്രകടമായ ലക്ഷണങ്ങളില്ലാത്തവരിലും, രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരിലും COVID-19 രോഗബാധ സ്ഥിരീകരിക്കുന്നതിന് ഈ ടെസ്റ്റിംഗ് ഉപയോഗിക്കവുന്നതാണ്.
  • രോഗബാധയുടെ പ്രാഥമിക ഘട്ടം മുതൽ രോഗമുക്തി നേടുന്ന അവസ്ഥയിലുള്ളവരിൽ വരെ ഈ ടെസ്റ്റ് ഉപയോഗിച്ച് COVID-19 വൈറസ് സാന്നിദ്ധ്യം കണ്ടെത്താം.
  • ആശുപത്രികളിൽ നിന്ന് വലിയ ശസ്ത്രക്രിയകൾ ചെയ്യുന്നതിന് മുൻപായും, യാത്രാ ആവശ്യങ്ങൾക്കായും നിലവിൽ രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിന് ഈ പരിശോധനയാണ് ഉപയോഗിക്കുന്നത്. COVID-19 രോഗബാധ കണ്ടെത്തുന്നതിന് ഏറ്റവും വിശ്വസനീയമായ ടെസ്റ്റിംഗ് രീതിയായി PCR ടെസ്റ്റിംഗിനെയാണ് കണക്കാക്കുന്നത്.