യു എ ഇ: ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സേവനം ICP ആരംഭിച്ചു

featured GCC News

ആറ് മാസത്തിൽ കൂടുതൽ യു എ ഇയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ള പ്രവാസികൾക്ക് എൻട്രി-പെർമിറ്റിന് അപേക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക സേവനം സ്മാർട്ട് സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു. 2023 ജനുവരി 31-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സേവനം തങ്ങളുടെ സ്മാർട്ട് ചാനൽ സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയതായി ICP വ്യക്തമാക്കി. 2023 ജനുവരി 27, വെള്ളിയാഴ്ച മുതൽ ഈ സേവനം പ്രവർത്തനക്ഷമമാക്കിയതായി ICP അറിയിച്ചിട്ടുണ്ട്.

എന്നാൽ ഈ സേവനം ഗോൾഡൻ റെസിഡൻസ് പെർമിറ്റ് ലഭിച്ചിട്ടുള്ള പ്രവാസികൾക്ക് ബാധകമല്ലെന്ന് ICP കൂട്ടിച്ചേർത്തു. പഠനം, ചികിത്സ, മറ്റു ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ആറ് മാസത്തിൽ കൂടുതൽ യു എ ഇയ്ക്ക് പുറത്ത് തുടരാൻ നിർബന്ധിതരായ പ്രവാസികൾക്കായാണ് (ഇവർ സാധുതയുള്ള റെസിഡൻസി പെർമിറ്റുകളിൽ യു എ ഇയിൽ നിന്ന് മടങ്ങിയവരായിരിക്കണം) ഇത്തരം ഒരു സേവനം ആരംഭിച്ചിരിക്കുന്നത്.

ആറ് മാസത്തിൽ കൂടുതൽ യു എ ഇയ്ക്ക് പുറത്ത് തുടരാൻ നിർബന്ധിതരായ ഇത്തരം പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് നിയമപരമായി റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ, ഇത്തരം പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി സാധുത വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനും, ഇത്തരം പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് യു എ ഇയിലേക്ക് തിരികെ പ്രവേശിക്കുന്നതിനും ഈ സേവനത്തിലൂടെ അവസരം ലഭിക്കുന്നു. ഈ അപേക്ഷകൾ അധികൃതർ പരിശോധിച്ച ശേഷം, അവയ്ക്ക് അംഗീകാരം ലഭിക്കുന്ന പക്ഷം ഇത്തരം പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരികെ മടങ്ങാവുന്നതാണ്.

ഇതിനായി ഇത്തരം അപേക്ഷകളോടൊപ്പം പ്രവാസിയുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, പാസ്സ്‌പോർട്ട് കോപ്പി, ആറ് മാസത്തിൽ കൂടുതൽ യു എ ഇയ്ക്ക് പുറത്ത് തുടരാനിടയാക്കിയ സാഹചര്യം വ്യക്തമാക്കുന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കേണ്ടതാണ്. ഈ സേവനം നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ളവരും, ആറ് മാസത്തിൽ കൂടുതലായി യു എ ഇയ്ക്ക് പുറത്ത് തുടരുന്നവരുമായ പ്രവാസികൾക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

WAM