സൗദി സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ: നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് ജവാസത് പ്രത്യേക അറിയിപ്പ് പുറത്തിറക്കി

featured GCC News

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2023 ജനുവരി 31-ന് വൈകീട്ടാണ് ജവാസത് ഈ അറിയിപ്പ് നൽകിയത്.

സൗദി അറേബ്യയിലൂടെ സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് എൻട്രി വിസ നേടുന്നതിനുള്ള ഒരു ഇ-സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം 2023 ജനുവരി 30-ന് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിബന്ധനകൾ, ഇത്തരം വിസകളുടെ പ്രയോജനങ്ങൾ എന്നിവ വ്യക്തമാക്കുന്നതിനായാണ് ജവാസത് ഒരു അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ജവാസത് അറിയിച്ചിരിക്കുന്നത്:

സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസയുടെ പ്രയോജനങ്ങൾ:

  • വിമാനടിക്കറ്റിനൊപ്പം ലഭിക്കുന്ന ഇത്തരം വിസകൾ സൗജന്യമായാണ് നൽകുന്നത്.
  • ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികർക്ക് നാല് ദിവസം വരെ സൗദി അറേബ്യയിൽ താമസിക്കാൻ അനുമതി ലഭിക്കുന്നതാണ്.
  • മൂന്ന് മാസത്തെ സാധുതയോടെയാണ് ഈ വിസകൾ അനുവദിക്കുന്നത്.
  • ഇത്തരം വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും, സൗദി അറേബ്യയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും അനുമതിയുണ്ടായിരിക്കുന്നതാണ്.
  • ഇത്തരം സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതിയുണ്ട്. ഇവർ ഉംറ അനുഷ്ഠിക്കുന്നതിനായി നുസുക് സംവിധാനത്തിലൂടെ ബുക്ക് ചെയ്യേണ്ടതാണ്.

സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ:

  • സൗദിയ എയർലൈൻസ്, ഫ്ലൈനാസ് എന്നീ വിമാനക്കമ്പനികളിൽ നിന്ന് യാത്രാ ടിക്കറ്റുകൾ എടുത്ത ശേഷം, അവയുടെ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ഇത്തരം വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്.
  • ഇത്തരം അപേക്ഷകൾ സ്വയമേവ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ യൂണിഫൈഡ് നാഷണൽ വിസ സംവിധാനത്തിലേക്ക് കൈമാറുന്നതും, ഇവയിൽ തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്. കാലതാമസം കൂടാതെ അനുവദിക്കുന്ന ഇത്തരം ഡിജിറ്റൽ വിസകൾ യാത്രികർക്ക് ഇ-മെയിലിലൂടെ ലഭിക്കുന്നതാണ്.

സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസകളുമായി ബന്ധപ്പെട്ട് ജവാസത് അറിയിച്ചിരിക്കുന്ന നിബന്ധനകൾ:

  • ഇത്തരം വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി ലഭിക്കുന്നതല്ല.
  • ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് പരമാവധി നാല് ദിവസം വരെ രാജ്യത്ത് തുടരുന്നതിനുള്ള അനുമതിയാണ് നൽകുന്നത്. ഇവർ ഈ കാലാവധി അവസാനിക്കുന്നതിന് മുൻപ് നിർബന്ധമായും സൗദി അറേബ്യയിൽ നിന്ന് മടങ്ങേണ്ടതാണ്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി, സൗദി അറേബ്യയിലേക്ക് കൂടുതൽ വിദേശികളെ ആകർഷിക്കുന്നതിനും, വൻകരകൾക്കിടയിലെ യാത്രകളിലെ ഒരു പ്രധാന കേന്ദ്രമായി സൗദി അറേബ്യയെ വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സേവനം ആരംഭിച്ചിരിക്കുന്നത്. ഈ സേവനം 2023 ജനുവരി 30, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

Cover Image: Saudi Press Agency.