യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4 പ്രവർത്തനമാരംഭിച്ചു

featured GCC News

യു എ ഇയിലെ ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4 പ്രവർത്തനമാരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു. 2024 മാർച്ച് 1-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

യൂണിറ്റ് നാലിലെ ആണവ റിയാക്ടർ വിജയകരമായി പ്രവർത്തിപ്പിച്ചതായി ENEC വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യൂണിറ്റ് നാലിലെ റിയാക്ടറിൽ നിന്ന് താപോർജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയയ്ക്ക് തുടക്കമാകുകയും, അതിലൂടെ ജലം നീരാവിയാക്കി, നീരാവിയുടെ സഹായത്തോടെ വൈദ്യുതി ഉത്പാദനത്തിനുള്ള ടർബൈനിന്റെ പ്രവർത്തനങ്ങൾ നടപ്പിലാകുകയും ചെയ്യുന്നതാണ്.

വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം വരുന്ന ആഴ്ചകളിൽ ബറാഖ ആണവനിലയത്തിലെ യൂണിറ്റ് നാലിൽ നിന്ന് രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയിലേക്ക് ഇലക്ട്രിസിറ്റി നൽകിത്തുടങ്ങുന്നതാണ്.

അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ന്യൂക്ലിയർ എനർജി പ്ലാൻറായ ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 4-ന്റെ നിർമ്മാണം പൂർത്തിയാക്കിയതായി ENEC 2023 ഡിസംബർ 19-ന് അറിയിച്ചിരുന്നു.