സൗദി അറേബ്യ: സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സേവനം ആരംഭിച്ചു; ട്രാൻസിറ്റ് യാത്രികർക്ക് ഉംറ അനുഷ്ഠിക്കാൻ അവസരം

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2023 ജനുവരി 30-ന് വൈകീട്ടാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ വിവിധ വകുപ്പുകളുമായും, എയർലൈൻ കമ്പനികളുമായും സഹകരിച്ചാണ് സൗദി വിദേശകാര്യ മന്ത്രാലയം ഈ സേവനം നടപ്പിലാക്കുന്നത്. ഈ സേവനം സൗദി അറേബ്യയിലേക്ക് വ്യോമമാർഗ്ഗം പ്രവേശിക്കുന്ന യാത്രികർക്കാണ് ലഭ്യമാക്കുന്നത്.

ഇതോടെ സൗദി അറേബ്യയിലൂടെ സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് എൻട്രി വിസ നേടുന്നതിന് സാധിക്കുന്നതാണ്. ഇത്തരം യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ ഉപയോഗിച്ച് കൊണ്ട് ഉംറ അനുഷ്ഠിക്കുന്നതിനും, പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നതിനും, സൗദി അറേബ്യയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും സാധിക്കുന്നതാണ്.

ഈ സേവനം 2023 ജനുവരി 30, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. യാത്രികർക്ക് ഇത്തരം വിസകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സൗദിയ എയർലൈൻസ്, ഫ്ലൈനാസ് എന്നിവയുടെ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ സമർപ്പിക്കാവുന്നതാണ്.

ഇത്തരം അപേക്ഷകൾ സ്വയമേവ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ യൂണിഫൈഡ് നാഷണൽ വിസ സംവിധാനത്തിലേക്ക് കൈമാറുന്നതും, ഇവയിൽ തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്. കാലതാമസം കൂടാതെ അനുവദിക്കുന്ന ഇത്തരം ഡിജിറ്റൽ വിസകൾ യാത്രികർക്ക് ഇ-മെയിലിലൂടെ ലഭിക്കുന്നതാണ്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി, സൗദി അറേബ്യയിലേക്ക് കൂടുതൽ വിദേശികളെ ആകർഷിക്കുന്നതിനും, വൻകരകൾക്കിടയിലെ യാത്രകളിലെ ഒരു പ്രധാന കേന്ദ്രമായി സൗദി അറേബ്യയെ വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സേവനം ആരംഭിച്ചിരിക്കുന്നത്.

ഇത്തരം വിസകൾ സൗജന്യമായാണ് നൽകുന്നത്. വിമാനടിക്കറ്റിനൊപ്പം ലഭിക്കുന്ന ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികർക്ക് നാല് ദിവസം വരെ സൗദി അറേബ്യയിൽ താമസിക്കാൻ അനുമതി ലഭിക്കുന്നതാണ്.

വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടൂറിസ്റ്റ് വിസ സൗജന്യമായി നൽകുന്ന ഒരു പദ്ധതി ഉടൻ തന്നെ ആരംഭിക്കുമെന്ന് സൗദിയ നേരത്തെ അറിയിച്ചിരുന്നു.

Cover Image: Saudi Press Agency.