രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും COVID-19 വാക്സിനിന്റെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് നേരത്തെ അറിയിച്ചിരുന്നു.
ഫൈസർ അല്ലെങ്കിൽ ആസ്ട്രസെനെക്കാ വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് ഒരു അധിക ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലും, BeAware ആപ്പിലും ലഭ്യമാണ്.
ഇത്തരത്തിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഫൈസർ വാക്സിനോ, അല്ലെങ്കിൽ ആദ്യ രണ്ട് കുത്തിവെപ്പുകൾക്ക് ഉപയോഗിച്ച അതേ വാക്സിനോ തിരഞ്ഞെടുക്കാവുന്നതാണ്. 2021 ഒക്ടോബർ 1 മുതൽ ഈ വിഭാഗങ്ങളിൽപ്പെടുന്ന ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇവർ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണ്.