രാജ്യത്തെ മൂന്ന് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 3 മുതൽ 17 വയസ് വരെയുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലും, BeAware ആപ്പിലും മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്ത് രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ള 3 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് സിനോഫാം വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, അമിതവണ്ണം, കാൻസർ, ജനനസമയത്ത് തന്നെ വൈകല്യങ്ങളുള്ളവർ, ഡൌൺ സിൻഡ്രോം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ള 3 മുതൽ 11 വയസ് വരെയുള്ളവർക്കാണ് ഇപ്രകാരം വാക്സിൻ നൽകുന്നതിന് ബഹ്‌റൈൻ അനുമതി നൽകിയിരിക്കുന്നത്. ഇതിന് പുറമെ, 12 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ ബയോഎൻടെക് വാക്സിന് പുറമെ സിനോഫാം വാക്സിൻ തിരഞ്ഞെടുക്കുന്നതിനും ബഹ്‌റൈൻ അനുമതി നൽകിയിട്ടുണ്ട്.
കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് രക്ഷിതാക്കളുടെ അനുവാദം ആവശ്യമാണ്. രക്ഷിതാക്കളോടൊപ്പം എത്തുന്ന ഈ വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.