ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗത്തേൺ ഗവർണറേറ്റിലെ ഹെറിറ്റേജ് വില്ലേജിൽ നാഷണൽ ഡേ ഫെസ്റ്റിവൽ ആരംഭിച്ചു. ബഹ്‌റൈൻ ഇൻഫർമേഷൻ വകുപ്പ് മന്ത്രി അലി ബിൻ മുഹമ്മദ് അൽ റോമാഹിയാണ് ഈ പ്രത്യേക ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തത്.
ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാഷണൽ ഡേ ഫെസ്റ്റിവൽ ഉദ്‌ഘാടന ചടങ്ങിൽ ബഹ്‌റൈൻ ഇൻഫർമേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, അതിഥികൾ തുടങ്ങിയവർക്കൊപ്പം നിരവധി പൗരന്മാരും, പ്രവാസികളും പങ്കെടുത്തതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.
നാഷണൽ ഡേ ഫെസ്റ്റിവലിന്റെ ഭാഗമായി ഹെറിറ്റേജ് വില്ലേജിൽ കലാപരിപാടികൾ, നാടോടി സംഗീത പരിപാടികൾ എന്നിവ ഉൾപ്പടെ നിരവധി പ്രത്യേക പരിപാടികൾ അരങ്ങേറുന്നതാണ്. മേളയിലെത്തുന്നവർക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനായി നിരവധി വില്പനശാലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രത്യേക മാർക്കറ്റും ഹെറിറ്റേജ് വില്ലേജിൽ തുറന്നിട്ടുണ്ട്.
ബഹ്‌റൈൻ എന്ന രാജ്യത്തിന്റെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങൾ ഹെറിറ്റേജ് വില്ലേജിലെത്തുന്നവർക്ക് ദർശിക്കാവുന്നതാണ്. നാഷണൽ ഡേ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആസ്വദിക്കാനാകുന്ന രീതിയിലുള്ള കലാപരിപാടികളും, വിനോദപരിപാടികളും ഹെറിറ്റേജ് വില്ലേജിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
2021 ഡിസംബർ 20 വരെയാണ് ഹെറിറ്റേജ് വില്ലേജിൽ നാഷണൽ ഡേ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ നാഷണൽ ഡേ ഫെസ്റ്റിവൽ വേദി സന്ദർശകർക്കായി തുറന്ന് കൊടുക്കുന്നതാണ്.
ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 16, വ്യാഴാഴ്ച്ച, ഡിസംബർ 17, വെള്ളിയാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
Source: Bahrain News Agency.