ബഹ്‌റൈൻ: സിനോഫാം COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

Bahrain

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സുമായി സംയുക്തമായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MOH_Bahrain/status/1394707309872439299

മെയ് 18-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സിനോഫാം COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ‘BeAware Bahrain’ ആപ്പിലൂടെ ഇപ്പോൾ പൂർത്തിയാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സിനോഫാം COVID-19 വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് ഈ രജിസ്‌ട്രേഷൻ അനുവദിക്കുന്നത്:

  • അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ.
  • ആരോഗ്യ പ്രവർത്തകർ.
  • വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, അമിതവണ്ണമുള്ളവർ.

ഇവർ ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പിനായി ആരോഗ്യ കേന്ദ്രം സന്ദർശിക്കുന്ന അവസരത്തിൽ മേൽപറഞ്ഞ വിഭാഗങ്ങളിൽ പെടുന്നവരാണെന്ന് തെളിയിക്കുന്നതിന്റെ രേഖ ഹാജരാക്കേണ്ടതാണ്. ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പിന് അർഹത ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വാക്സിനേഷൻ കേന്ദ്രത്തിൽ വെച്ച് ഡോക്ടർ പ്രാഥമിക പരിശോധനകൾ നടത്തുന്നതാണ്.

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ അടുത്ത ഘട്ടത്തിൽ ജനങ്ങൾക്ക് മൂന്നാമത് ഒരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി മെയ് 7-ന് ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചിരുന്നു. മറ്റു വിഭാഗങ്ങളിൽ പെടുന്ന പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് 12 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതെന്നും അധികൃതർ അറിയിച്ചിരുന്നു.

Cover Photo:@MOH_Bahrain