എക്സ്പോ 2020 ദുബായ് വേദിയിലെ ബഹ്‌റൈൻ പവലിയനിൽ സുസ്ഥിര നഗരങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ഉദ്ഘാടനം ചെയ്തു. ‘ചരിത്രത്തിന്റെ ആഖ്യാനം’ എന്ന ആശയത്തിലൂന്നി ബഹ്‌റൈൻ പവലിയനിൽ നടത്തുന്ന പ്രത്യേക പ്രദർശനങ്ങളുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിക്കപ്പെട്ടത്.
ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ഹരിതം – നിർമാണ വസ്തുക്കൾ മുതൽ നിർമ്മിതി വരെ’, ‘കാലികമായ ഉറവകൾ’ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.
‘ഹരിതം – നിർമാണ വസ്തുക്കൾ മുതൽ നിർമ്മിതി വരെ’ എന്ന പ്രദർശനത്തിൽ പ്രകൃതിയിൽ നിന്നുള്ളതും, വ്യാവസായികമായതുമായ നിർമ്മാണ വസ്തുക്കൾ സംയോജിപ്പിച്ച് കൊണ്ട് തയാറാക്കിയ വിവിധ കലാ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോസീ മാഗി, ആമിന അഗ്സ്‌നൈ എന്നിവർ ഒരുക്കിയിട്ടുള്ള ഈ കല സൃഷ്ടികൾ പൈതൃകം, സുസ്ഥിരത എന്നിവ തമ്മിലുള്ള പ്രധാന ബന്ധങ്ങളെ എടുത്ത് കാട്ടുന്നു.
‘കാലികമായ ഉറവകൾ’ എന്ന പ്രദർശനം മാർച്ച് മാസം അവസാനത്തിൽ ഉദ്‌ഘാടനം ചെയ്യുന്നതാണ്. ബഹ്‌റൈനിന്റെ എക്സ്പോ 2020-യിലെ വാട്ടർ വീക്ക് പരിപാടികളിലെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പ്രദർശനം. മഴവെള്ളം ശേഖരിക്കുന്ന ഏതാനം താത്കാലിക ഫൗണ്ടനുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ജലാശയങ്ങൾ ഉൾപ്പെടുന്ന പൊതുഇടങ്ങൾ സൃഷ്ടിക്കുന്നതിനും, ഋതുക്കൾ മാറുന്നതിന് അനുസരിച്ച് നീരുറവകൾ വറ്റുന്നത് ചൂണ്ടിക്കാട്ടുന്നതിനുമായാണ് ഈ പ്രദർശനം ലക്ഷ്യമിടുന്നത്. മഴവെള്ളം നേരിട്ട് സമുദ്രത്തിലേക്ക് ഒഴുകി പോകുന്നത് തടയുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.