ബഹ്‌റൈൻ: BIEC-യിൽ നിന്ന് നൽകി വന്നിരുന്ന എല്ലാ COVID-19 ആരോഗ്യ സേവനങ്ങളും മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി

GCC News

ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (BIEC) നിന്ന് നൽകി വന്നിരുന്ന മുഴുവൻ COVID-19 ആരോഗ്യ സേവനങ്ങളും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 സെപ്റ്റംബർ 20, തിങ്കളാഴ്ച്ച മുതൽ ഇത്തരം സേവനങ്ങൾ BIEC-യിൽ നിന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റൽ, സിത്ര മാൾ എന്നിവിടങ്ങളിലേക്ക് മാറ്റിയതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

https://twitter.com/MOH_Bahrain/status/1439670312828915716

BIEC-യിൽ നിന്നുള്ള COVID-19 ആരോഗ്യ സേവനങ്ങൾ മറ്റു കേന്ദ്രങ്ങളിലേക്ക് താഴെ പറയുന്ന രീതിയിലാണ് മാറ്റിയിട്ടുള്ളത്:

  • വാക്സിനേഷൻ സേവനം – BIEC-യിൽ നിന്ന് നൽകി വന്നിരുന്ന വാക്സിനേഷൻ സേവനം ഇനി മുതൽ സിത്ര മാളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് നൽകുന്നതാണ്.
  • COVID-19 രോഗബാധിതർക്കുള്ള ആരോഗ്യപരിചരണം ഉൾപ്പടെയുള്ള സേവനങ്ങൾ – ഐസൊലേഷനിൽ തുടരുന്ന തീവ്രതയില്ലാതെ COVID-19 രോഗബാധയുള്ള രോഗികൾക്കുള്ള ചികിത്സ, പരിചരണം എന്നീ സേവനങ്ങൾ BIEC-യിൽ നിന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരം രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ചികിത്സ ആവശ്യമാകുന്ന തീവ്രതയില്ലാതെ COVID-19 രോഗബാധയുള്ള രോഗികൾക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ നേരിട്ടെത്തി ചികിത്സ തേടാമെന്നും, ഇതിനായി 444 നമ്പറിൽ വിളിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള വാക്സിൻ വിതരണം തുടരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർക്ക് BeAware ആപ്പ്, അല്ലെങ്കിൽ https://healthalert.gov.bh/en/ എന്ന വെബ്സൈറ്റ് എന്നിവ ഉപയോഗിച്ച് വാക്സിനെടുക്കുന്നതിനായുള്ള മുൻ‌കൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

COVID-19 ആരോഗ്യ സേവനങ്ങൾ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതോടെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ അതിവിപുലമായ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും, BIEC-യിലെ വെന്റിലേഷൻ സംവിധാനങ്ങളിൽ അറ്റകുറ്റപണികൾ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.