സാധുതയുള്ള വിസകൾ ഉള്ളവർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കാൻ അനുമതി; പ്രീ-എൻട്രി പെർമിറ്റ് സംവിധാനം ഒഴിവാക്കി

Bahrain

രാജ്യത്ത് പ്രവേശിക്കുന്നതിന് അനുവാദം നേടുന്നതിനായി ഏർപ്പെടുത്തിയിരുന്ന പ്രീ-എൻട്രി പെർമിറ്റ് സംവിധാനം ഒഴിവാക്കിയതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു. സാധുതയുള്ള വിസകൾ ഉള്ളവർക്ക് ഇത്തരം പ്രീ-എൻട്രി പെർമിറ്റ് കൂടാതെ ബഹ്റൈനിലേക്ക് പ്രവേശിക്കാവുന്നതാണ്. ജൂലൈ 22 മുതൽ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്.

ഈ തീരുമാനം NPRA അനുവദിച്ചു നൽകിയിട്ടുള്ള സാധുതയുള്ള വിസകളിലുള്ളവർക്ക് മാത്രമായിരിക്കുമെന്നും, ഓൺ-അറൈവൽ വിസകൾക്ക് ഈ തീരുമാനം ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനിൽ ഓൺ-അറൈവൽ വിസ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഇതോടെ രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സാധുതയുള്ള റെസിഡൻസി വിസകൾക്ക് മുൻ‌കൂർ അനുവാദം നേടാതെത്തന്നെ ബഹ്റൈനിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇത്തരത്തിൽ മടങ്ങിയെത്തുന്നവർ കൊറോണ വൈറസ് പരിശോധനകൾക്കും, 10 ദിവസത്തെ ക്വാറന്റീൻ നടപടികൾക്കും വിധേയരാകേണ്ടതാണ്. ഇതിനായുള്ള ചെലവുകൾ യാത്രികർ സ്വയം വഹിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.