രാജ്യത്തെ വിദ്യാലയങ്ങളിൽ മങ്കിപോക്സ് രോഗബാധ പടരാതിരിക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തുന്നത്. രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടി.
രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഈ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതാണ്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ മങ്കിപോക്സ് വൈറസ് വ്യാപനം നടക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് രക്ഷിതാക്കൾക്കും, അധ്യാപകർക്കും, സ്‌കൂൾ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും മന്ത്രാലയം പ്രത്യേക ബോധവത്കരണം നൽകുന്നതാണ്.
രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയായവരെയും, രോഗബാധ സംശയിക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കുന്നതാണ്.
രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം 2022 സെപ്റ്റംബർ 16-ന് അറിയിച്ചിരുന്നു.