യു എ ഇ: CEPA കരാർ; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 90% കുറയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായി സാമ്പത്തിക വകുപ്പ് മന്ത്രി

featured GCC News

യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നതായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു. ഈ ഉടമ്പടി പ്രകാരമുള്ള തീരുവ ഇളവുകളോടെയുള്ള ആദ്യ ഇറക്കുമതി നടന്നതായും അദ്ദേഹം വ്യക്തമാക്കി.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കസ്റ്റംസ് തീരുവകൾ 90 ശതമാനം കുറച്ചുകൊണ്ട് വ്യാപാരം പ്രോത്സാഹിപ്പിക്കാനും, 2021 അവസാനത്തിൽ 45 ബില്യൺ ഡോളർ ആയിരുന്ന എണ്ണ ഇതര വ്യാപാരം അടുത്ത അഞ്ച് വർഷങ്ങളിൽ പ്രതിവർഷം 100 ബില്യൺ ഡോളറായി വർധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള CEPA ഉടമ്പടി സഹായിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

CEPA ഉടമ്പടിയിൽ ഒപ്പുവെക്കാൻ യു എ ഇ ഇന്ത്യയെ തിരഞ്ഞെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് അടിവരയിടുന്നു. ‘പ്രോജക്‌ട്‌സ് ഓഫ് ദി 50’ പദ്ധതിയുടെ ഭാഗമായുള്ള CEPA ഉടമ്പടിയിൽ ഒപ്പ്‌വെക്കുന്നതിന് വിവിധ രാജ്യങ്ങളുമായി യു എ ഇ ചർച്ച നടത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

യു എ ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ വാർഷിക വളർച്ചയെക്കുറിച്ചും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തത നൽകി. CEPA ഉടമ്പടി ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുമെന്നും 2030-ഓടെ യു എ ഇയുടെ ജിഡിപിയിൽ 1.7 ശതമാനം അല്ലെങ്കിൽ 9 ബില്യൺ യുഎസ് ഡോളർ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. 2030-ഓടെ യു എ ഇയുടെ കയറ്റുമതി 1.5 ശതമാനവും ഇറക്കുമതി 3.8 ശതമാനവും വർദ്ധിപ്പിക്കുമെന്നും, കഴിവുള്ളവർക്കും വൈദഗ്ധ്യമുള്ളവർക്കും 1,40,000 തൊഴിലവസരങ്ങൾ ഇത് സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുവ കുറയ്ക്കലും, റദ്ദാക്കലും, വിപണികളിലേക്കുള്ള പ്രവേശനം വിപുലമാക്കലും ഉൾപ്പടെയുള്ള നേട്ടങ്ങൾക്ക് പുറമെ, വ്യോമയാനം, പരിസ്ഥിതി, ആതിഥ്യമര്യാദ, ലോജിസ്റ്റിക്സ്, നിക്ഷേപം, നിർമ്മാണം, സാമ്പത്തിക സേവനങ്ങൾ, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ സുപ്രധാന മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ CEPA വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകളിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നിരവധി നേട്ടങ്ങൾ CEPA ഉടമ്പടി വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംയോജനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ബിസിനസ്സ് കമ്മ്യൂണിറ്റികൾക്കിടയിൽ പുതിയ ചക്രവാളങ്ങൾ തുറക്കുന്ന ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിനുമുള്ള ചരിത്രപരമായ തന്ത്രപരമായ ചുവടുവെപ്പിനെ ഇത് പ്രതിനിധീകരിക്കുന്നു.

CEPA വിവിധ വിപണികളിലേക്കുള്ള പ്രവേശനം തുറക്കുകയും ഊർജം, പരിസ്ഥിതി, ഡിജിറ്റൽ വ്യാപാരം എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിൽ പുതിയ നിക്ഷേപങ്ങളും അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് സേവനങ്ങൾ, പ്രൊഫഷണൽ സേവനങ്ങൾ, അക്കൗണ്ടിംഗ്, റിയൽ എസ്റ്റേറ്റ്, പരസ്യംചെയ്യൽ, ആശയവിനിമയം, കെട്ടിടനിർമ്മാണം, അനുബന്ധ സേവനങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ, പരിസ്ഥിതി സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ്, സാമൂഹികം, ആരോഗ്യ സേവനങ്ങൾ, യാത്ര, ടൂറിസം സേവനങ്ങൾ എന്നിവയുൾപ്പെടെ 11 സേവന മേഖലകളും 100-ലധികം ഉപമേഖലകളും ഈ കരാർ ഉൾക്കൊള്ളുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

എണ്ണ ഇതര കയറ്റുമതിയുടെ കാര്യത്തിൽ യു എ ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും രാജ്യത്തിന്റെ മൊത്തം ആഗോള കയറ്റുമതിയുടെ 14 ശതമാനത്തിന് തുല്യമാണിതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം യു എ ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും അറബ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ 40 ശതമാനവും കൈവശം വയ്ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.

“അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 100 ബില്യൺ യുഎസ് ഡോളറായി ഉയർത്താനാണ് ഈ ചരിത്രപരമായ കരാർ ലക്ഷ്യമിടുന്നത്. രാജ്യം ഇഷ്യൂ ചെയ്തതോ സ്വീകരിച്ചതോ ആയ നിക്ഷേപങ്ങളുടെ കാര്യത്തിൽ യുഎഇയുടെ ഏറ്റവും വലിയ നിക്ഷേപ പങ്കാളികളിൽ ഒന്നാണ് ഇന്ത്യ,” അദ്ദേഹം കൂട്ടിച്ചേർത്തു.

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ചരക്കുകളും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളും പ്രധാനമായും സ്വർണ്ണം, വജ്രങ്ങൾ, ആഭരണങ്ങൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പെട്രോളിയം, പ്ലാസ്റ്റിക്കുകൾ മുതലായവയും, ഇരുമ്പ്, സ്റ്റീൽ, അലുമിനിയം എന്നിവ ഉൾപ്പെടുന്ന ധാതുക്കളുമാണ്. വജ്രം, സ്വർണം, ആഭരണങ്ങൾ എന്നിവയുടെ ആഗോള വ്യാപാരത്തിന്റെ 16 ശതമാനത്തിലധികം ഇരു രാജ്യങ്ങളും വഹിക്കുന്നു.

COVID-19 പകർച്ചവ്യാധി സമയത്ത് യു എ ഇയുടെ വ്യാപാരത്തിന്റെ മൂന്ന് ശതമാനം ഇന്ത്യയുമായാണ് നടന്നതെന്ന് കണക്കുകൾ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 15 ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാരിൽ ഒന്നാണ് ഇന്ത്യ. ഭക്ഷ്യ ചരക്കുകളിലും ഉൽപന്നങ്ങളിലും യു എ ഇയുടെ മൊത്തം വ്യാപാരത്തിന്റെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കൂടാതെ യു എ ഇയുടെ ഭക്ഷ്യ ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും മൊത്തം ഇറക്കുമതിയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്.

WAM