ഇന്ത്യ – യു എ ഇ CEPA കരാർ ഒരു മാസത്തിനകം പ്രാവർത്തികമാകുമെന്ന് എമിറാത്തി അധികൃതർ അറിയിച്ചു

featured UAE

യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒരു മാസത്തിനകം പ്രാവർത്തികമാകുമെന്ന് എമിറാത്തി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ നാഷണൽ അസോസിയേഷൻ ഓഫ് ഫ്രെയ്റ്റ് ആൻഡ് ലോജിസ്റ്റിക്സിന്റെ (NAFL) പിന്തുണയോടെ ദുബായിൽ സംഘടിപ്പിച്ച മൂന്നാമത് LOGIX ഇന്ത്യ കോൺഫറൻസിന്റെ സമാപ്തിയുടെ വേളയിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ വെച്ച് നടന്ന ഈ കോൺഫറൻസ് മൂന്ന് ദിവസം നീണ്ട് നിന്നു. ഇരു രാജ്യങ്ങളിലും നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ കോൺഫറൻസിൽ പങ്കെടുത്തു.

ഇന്ത്യ – യു എ ഇ CEPA കരാർ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള കസ്റ്റംസ് നടപടികൾ കൂടുതൽ ലളിതമാക്കുന്നതാണ്. ഇതോടൊപ്പം ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ചരക്ക് നീക്കത്തിന്റെ ചെലവ് കുറയ്ക്കുന്നതിനും, പുതിയ അവസരങ്ങൾ തുറക്കുന്നതിനും CEPA കരാർ സഹായകമാകുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

“CEPA കരാർ യു എ ഇയുടെ ലോജിസ്റ്റിക്സ് മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതാണ്. ദുബായിയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 14 ശതമാനത്തിലധികം നൽകുന്നത് ഈ മേഖലയാണെന്നത് വളരെ പ്രധാനമാണ്. CEPA കരാർ പ്രാവർത്തികമാകുന്നതോടെ ഇന്ത്യൻ വിപണിയിൽ നിന്നെത്തുന്ന വാണിജ്യ സാധനങ്ങൾക്ക് യു എ ഇ വിപണിയിലേക്ക് കൂടുതൽ സുഗമമായ പ്രവേശനം ലഭിക്കുന്നതാണ്. ഇതോടൊപ്പം ദുബായിൽ നിന്ന് ഇത്തരം വസ്തുക്കൾക്ക് ജി സി സി, സി ഐ എസ്, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കൂടുതൽ വ്യാപക പ്രചാരം ലഭിക്കുന്നതാണ്.”, NAFL പ്രസിഡണ്ട് നാദിയ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയും-യു എ ഇയും തമ്മിലുള്ള വാണിജ്യ, നിക്ഷേപബന്ധങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനും, സാമ്പത്തിക സഹകരണ മേഖലയിൽ കൂടുതൽ ശക്തമായ ബന്ധങ്ങൾ കൊണ്ടുവരുന്നതിനും CEPA കരാർ വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WAM