ഇന്ത്യ – യു എ ഇ വിർച്യുൽ ഉന്നതതലയോഗം നടന്നു; CEPA കരാറിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു

GCC News

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും 2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തി. തന്ത്രപ്രധാനമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു.

“അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ അതിയായ സന്തോഷമുണ്ട്. സുപ്രധാനമായ മേഖലകളിലെ ഇന്ത്യ – യു എ ഇ ബന്ധത്തിൽ കഴിഞ്ഞ 7 വർഷങ്ങൾക്കിടയിൽ വളരെ വലിയ പരിവർത്തനം സംഭവിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളെ നയിക്കാനുതകുന്ന ഭാവിയിലേക്കുള്ള രൂപരേഖ ഈ കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഞങ്ങൾ ഒരു സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.”, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഈ കൂടികാഴ്ച്ചയ്ക്ക് ശേഷം ട്വിറ്ററിൽ കുറിച്ചു.

Source: WAM.

“ഇരുരാജ്യങ്ങളും തമ്മിൽ ഇന്ന് ഒപ്പ്‌വെച്ച സുപ്രധാന കരാറായ കോമ്പ്രിഹെൻസീവ് ഇക്കണോമിക് പാർട്ണര്ഷിപ്പ് എഗ്രിമെന്റ് (CEPA) നമ്മുടെ സാമ്പത്തിക ബന്ധങ്ങളെ പുതിയ തലങ്ങളിലേക്ക് നയിക്കുന്നതാണ്. അടുത്ത അഞ്ച് വർഷത്തിനിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകൾ 100 ബില്യൺ ഡോളറിലേക്ക് ഉയരുന്നതാണ്. സർവീസ് മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനിടയിൽ 15 ബില്യൺ ഡോളറിന്റെ ഇടപാടുകളാണ് പ്രതീക്ഷിക്കുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

“ഓൺലൈൻ ഉന്നതതലയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് ഈ കൂടിക്കാഴ്ച്ച ലക്ഷ്യമിടുന്നു. സഹകരണം, വികസനം എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും, ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ട് പോകുന്നതിനും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ കൂടിക്കാഴ്ച്ചയെക്കുറിച്ച് അഭിപ്രായപ്പെട്ടു.

Source: WAM.

വികസനം, നിക്ഷേപം, സാമ്പത്തികം, ആരോഗ്യം തുടങ്ങിയ മേഖലകളിലും യോജിച്ച് പ്രവർത്തിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഇരുവരും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. ഇതോടൊപ്പം സാങ്കേതിക വിദ്യ, നിർമ്മിത ബുദ്ധി, പുനരുപയോഗ ഊർജ്ജം, ഭക്ഷ്യ സുരക്ഷ, ഗതാഗതം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തോടെ നടപ്പിലാക്കാവുന്ന വികസനങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

ഇന്ത്യയും, യു എ ഇയും തമ്മിൽ തന്ത്രപ്രധാനമായ ഏതാനം കരാറുകളിൽ ഡൽഹിയിൽ വെച്ച് ഒപ്പ് വെക്കുന്ന ചടങ്ങുകൾക്കും ഇരു നേതാക്കളും ഈ ഓൺലൈൻ ഉന്നതതലസമ്മേളനത്തിലൂടെ സാക്ഷ്യം വഹിച്ചു. ഇന്ത്യയും-യു എ ഇയും തമ്മിലുള്ള വാണിജ്യ, നിക്ഷേപബന്ധങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനും, സാമ്പത്തിക സഹകരണ മേഖലയിൽ കൂടുതൽ ശക്തമായ ബന്ധങ്ങൾ കൊണ്ടുവരുന്നതിനും ലക്ഷ്യമിടുന്ന ഇന്ത്യ – യു എ ഇ CEPA കരാറിൽ 2022 ഫെബ്രുവരി 18-ന് ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു.

“കോമ്പ്രിഹെൻസീവ് ഇക്കണോമിക് പാർട്ണര്ഷിപ്പ് എഗ്രിമെന്റ് കാലങ്ങളായി നിലനിൽക്കുന്ന ഇന്ത്യ- യു എ ഇ ബന്ധത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്.”, CEPA കരാറിന്റെ പ്രാധാന്യത്തെക്കുറിച്ച് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടിക്കാട്ടി.

യു എ ഇ മിനിസ്റ്റർ ഓഫ് ഇക്കോണമി അബ്ദുല്ല ബിൻ ടൗഖ് അൽ മാരി, യു എ ഇ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഫോറിൻ ട്രേഡ് ഡോ. താനി ബിൻ അഹ്‌മദ്‌ അൽ സെയൂദി, കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയൽ, ഇന്ത്യയിലെ യു എ ഇ അംബാസഡർ ഡോ. അഹ്‌മദ്‌ അബ്ദുറഹ്മാൻ അൽ ബന്ന തുടങ്ങിയവർ കരാറുകൾ ഒപ്പ് വെക്കുന്ന ചടങ്ങിൽ പങ്കെടുത്തു.

WAM