സൗദി: COVID-19 മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Saudi Arabia

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ചുമത്തുന്ന പിഴ തുകകൾ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ചും മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം ഉപഭോക്താക്കളുടെ ആരോഗ്യ സ്റ്റാറ്റസ് പരിശോധിക്കുന്നതിൽ വീഴ്ച്ച വരുത്തുക, വാക്സിനെടുക്കാത്തവർക്കും, രോഗബാധിതർക്കും സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക, ജീവനക്കാർക്കിടയിൽ കൃത്യമായ പരിശോധനകൾ നടപ്പിലാക്കാതിരിക്കുക, സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ നൽകാതിരിക്കുക, കൃത്യമായ അണുനശീകരണ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ വീഴ്ച്ചകൾക്കുള്ള ശിക്ഷാ നടപടികളാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളാക്കി തിരിച്ച് കൊണ്ടാണ് ഈ പിഴ തുകകൾ ചുമത്തുന്നത്:

  • ഒന്ന് മുതൽ അഞ്ച് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ – ഇത്തരം സ്ഥാപനങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന വ്യക്തികൾക്ക് 10000 റിയാൽ പിഴ ചുമത്തുന്നതാണ്.
  • ആറ് മുതൽ നാല്പത്തൊമ്പത് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ – ഇത്തരം സ്ഥാപനങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന വ്യക്തികൾക്ക് 20000 റിയാൽ പിഴ ചുമത്തുന്നതാണ്.
  • 50 മുതൽ 249 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ – ഇത്തരം സ്ഥാപനങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന വ്യക്തികൾക്ക് 50000 റിയാൽ പിഴ ചുമത്തുന്നതാണ്.
  • 250-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ – ഇത്തരം സ്ഥാപനങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന വ്യക്തികൾക്ക്100000 റിയാൽ പിഴ ചുമത്തുന്നതാണ്.

ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തിൽ പരമാവധി 200000 റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഴ്ച്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾ ആറ് മാസത്തേക്ക് വരെ അടച്ച് പൂട്ടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.