സൗദി: പ്രതിദിനം 60000 PCR പരിശോധനകൾ രാജ്യത്ത് നടത്തുന്നതായി ആരോഗ്യ മന്ത്രാലയം

Saudi Arabia

രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, നിലവിൽ പ്രതിദിനം 60000 PCR ടെസ്റ്റുകൾ നടത്തുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 7-നു നടന്ന പത്രസമ്മേളനത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

സമൂഹത്തിൽ രോഗബാധയുള്ളവരെ വേഗത്തിൽ കണ്ടെത്തുക എന്നത് ലക്ഷ്യമിട്ട് സൗദിയിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ്. ഇതുവരെ 2 ദശലക്ഷത്തിൽ പരം PCR ടെസ്റ്റുകൾ രാജ്യവ്യാപകമായി നടത്തിയതായും ഡോ. അൽ അലി കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്ത് കൊറോണ വൈറസ് കേസുകളിൽ ഉണ്ടാകുന്ന വർധനവ് നേരിടുന്നതിനായി കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ജലാൽ അൽ-ഒവൈസ് അറിയിച്ചു. മൂന്ന് മാസംകൊണ്ട് തീവ്ര പരിചരണ വിഭാഗങ്ങളിലെ സൗകര്യം 30 ശതമാനത്തോളം വർധിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.