ഒമാൻ: സൗത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് ഫെബ്രുവരി 20 മുതൽ COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാക്കും

GCC News

സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികൾക്ക് 2022 ഫെബ്രുവരി 20, ഞായറാഴ്ച്ച മുതൽ COVID-19 ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2022 ഫെബ്രുവരി 18-നാണ് സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫെബ്രുവരി 20 മുതൽ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാക്കുമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചിരിക്കുന്നത്. COVID-19 വാക്സിന്റെ ആദ്യ രണ്ട് ഡോസുകൾ ഇതുവരെ സ്വീകരിക്കാത്ത പ്രവാസി തൊഴിലാളികൾക്ക് ആദ്യ ഡോസ്, അല്ലെങ്കിൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ ഈ കാലയളവിൽ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യമായാണ് ഈ വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത്.

റുസ്താഖ് വിലായത്, ബർഖ വിലായത് എന്നിവിടങ്ങളിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ നിന്നാണ് വാക്സിൻ നൽകുന്നത്. ഫെബ്രുവരി 20 മുതൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.