മണ്ണിന്‍റെ ശോഷണം പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള ആഗോള സംരംഭത്തിന് യു എ ഇ പിന്തുണ നൽകുന്നു

featured UAE

ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപാദകർ നേരിടുന്ന നിരവധി വെല്ലുവിളികളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് മണ്ണിന്റെ നശീകരണം അഥവാ മണ്ണിന്‍റെ ശോഷണം. ആഗോള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലോകത്തിലെ കാർഷിക മണ്ണിന്റെ 52 ശതമാനവും നിലവിൽ വ്യത്യസ്ത അളവുകളിലുള്ള നശീകരണം നേരിട്ട് കൊണ്ടിരിക്കുകയാണ്.

അസ്ഥിരമായ മനുഷ്യ പ്രവർത്തനങ്ങൾ മണ്ണിന് ആയാസമുണ്ടാക്കുകയും അതിലെ ജൈവാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് മണ്ണിന്റെ ശോഷണം, രൂക്ഷമാക്കുന്ന ഭക്ഷ്യക്ഷാമം, ജലക്ഷാമം, ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, ഉപജീവനമാർഗങ്ങളുടെ നഷ്ടം, ജനസംഖ്യാ സ്ഥാനചലനം എന്നിവയിലേക്ക് നയിക്കുന്നു.

മണ്ണ് സംരക്ഷിക്കുന്നതിനും, പുനഃസ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ തങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ട്, മണ്ണ് സംരക്ഷിക്കുന്നതിനുള്ള കോൺഷ്യസ് പ്ലാനറ്റ് മൂവ്‌മെന്റിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് ഈ മാസം ആതിഥേയത്വം വഹിക്കാൻ യു എ ഇ ഒരുങ്ങുകയാണ്. ആഗോള ദർശകനും, ഇന്ത്യൻ യോഗിയുമായ ശ്രീ. സദ്ഗുരു രൂപം നൽകിയിട്ടുള്ള ഈ പ്രചാരണ പരിപാടി 3.5 ബില്യണിലധികം ആളുകളുടെ പിന്തുണ സജീവമാക്കാനും, മണ്ണിന്റെ ആരോഗ്യം പരിഹരിക്കാനും, മണ്ണിന്റെ ശോഷണം തടയാനും, കൃഷി കൂടുതൽ മണ്ണ് സൗഹൃദമാക്കാനുമുള്ള നയങ്ങൾ രൂപീകരിക്കുന്നതിൽ ലോകമെമ്പാടുമുള്ള സർക്കാരുകളെ സഹായിക്കാനും ലക്ഷ്യമിടുന്നു. എല്ലാ കാർഷിക മണ്ണിലും കുറഞ്ഞത് 3 മുതൽ 6 ശതമാനം വരെ ജൈവ ഉള്ളടക്കം നിർബന്ധമാക്കാൻ ഈ സംരംഭം ശുപാർശ ചെയ്യുന്നു.

ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി ‘മണ്ണിന്റെ സംരക്ഷണത്തിനായുള്ള യാത്ര’ എന്ന പേരിൽ ലണ്ടനിൽ നിന്ന് ഇന്ത്യയുടെ തെക്കേ അറ്റം വരെ യാത്ര ചെയ്യുന്ന ശ്രീ. സദ്ഗുരു 2022 മെയ് 18 മുതൽ 20 വരെ യു എ ഇ സന്ദർശിക്കുന്നതാണ്. ഈ സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ (MoCCAE) പങ്കാളിത്തത്തോടെ ദുബായിൽ സംഘടിപ്പിക്കുന്ന വലിയ തോതിലുള്ള പൊതു പരിപാടിയിൽ പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

27 രാജ്യങ്ങളിലൂടെയുള്ള ‘മണ്ണിന്റെ സംരക്ഷണത്തിനായുള്ള യാത്ര’ ഏതാണ്ട് 30000 കിലോമീറ്റർ നീണ്ട് നിൽക്കുന്നതാണ്. 100 ദിവസമെടുക്കുന്ന ശ്രീ. സദ്ഗുരുവിന്റെ ഈ ഏകാംഗ മോട്ടോർ ബൈക്ക് യാത്ര ഭൂമിയിലെ ജീവന്റെ തുടർച്ച ഉറപ്പാക്കാൻ മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, പ്രത്യേകിച്ച് വ്യക്തികളെ മണ്ണ് സംരക്ഷിക്കുന്നതിന് സംഭാവന നൽകാനും പ്രേരിപ്പിക്കുന്നു.

“മണ്ണിന്റെ നശീകരണം തടയുക എന്നത് 1971-ൽ രാജ്യം ആരംഭിച്ചതു മുതൽ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള യു എ ഇയുടെ സമീപനത്തിന്റെ സ്തംഭങ്ങളിലൊന്നാണ്.”, യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമഹേരി വ്യക്തമാക്കി.

“കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, പരിസ്ഥിതി സംരക്ഷണത്തെ നിയന്ത്രിക്കുന്ന ഒരു സംയോജിത നിയമനിർമ്മാണ ചട്ടക്കൂട് ഞങ്ങൾ സ്ഥാപിക്കുകയും, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മരുഭൂമിവത്കരണത്തെ ചെറുക്കുന്നതിനുമായി ഒന്നിലധികം പരിപാടികളും സംരംഭങ്ങളും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ ജൈവവൈവിധ്യ തന്ത്രവും പ്രവർത്തന പദ്ധതി, ദേശീയ ഭക്ഷ്യ സുരക്ഷാ തന്ത്രം, യു എ ഇ ജല സുരക്ഷാ നയം മുതലായ സംരംഭങ്ങൾ ഇതിന്റെ ഭാഗമായാണ് രൂപം നൽകിയത്. മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള ദേശീയ നയം നിലവിൽ നവീകരിച്ച് കൊണ്ടിരിക്കുകയാണ്.”, അവർ കൂട്ടിച്ചേർത്തു.

“ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുക, സുസ്ഥിരമായ ഭൂപരിപാലനം പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കുക, രാജ്യത്തിന്റെ ഭൂപ്രദേശത്തിന്റെ 15.5 ശതമാനം വ്യാപിച്ചുകിടക്കുന്ന 49 സംരക്ഷിത മേഖലകൾ വിപുലീകരിക്കുക എന്നിവയിൽനിലവിൽ യു എ ഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മരുഭൂവൽക്കരണം, ഭൂമിയുടെ തകർച്ച, വരൾച്ച എന്നിവയെക്കുറിച്ചും ജൈവവൈവിധ്യത്തിൽ അവയുടെ സ്വാധീനത്തെക്കുറിച്ചും, ശേഷികൾ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും, ഫലപ്രദമായ നയങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും, ഈ മേഖലയിലെ ആഗോള ശാസ്ത്ര-സാങ്കേതിക പുരോഗതിയോടൊപ്പം വേഗത നിലനിർത്തുന്നതിനെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുന്നതിൽ യു എ ഇ പ്രതിജ്ഞാബദ്ധമാണ്.”, അവർ വ്യക്തമാക്കി.

പ്രാദേശിക ഭക്ഷ്യോത്പാദനം വർധിപ്പിക്കുന്നതിനിടയിൽ മണ്ണ്, വെള്ളം, ഊർജം തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത ഉപയോഗം ഉറപ്പാക്കാൻ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിന് കർഷകരെ യു എ ഇ പിന്തുണയ്ക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ, മണ്ണ് സംരക്ഷണം, ആവാസവ്യവസ്ഥ പുനരധിവാസം എന്നീ മേഖലകളിൽ രാജ്യം നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും, കാർഷിക മേഖലകളുടെ ഏരിയൽ മാപ്പിംഗ്, കണ്ടൽക്കാടുകൾ, ഗാഫ് പോലുള്ള നാടൻ മരങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നതായും അവർ കൂട്ടിച്ചേർത്തു.

“2021 നവംബറിലെ 26-ാമത് യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ (COP26), പാരീസ് ഉടമ്പടിക്ക് കീഴിലുള്ള ഞങ്ങളുടെ രണ്ടാമത്തെ ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവനയിൽ (NDC) വിവരിച്ചതുപോലെ, 2030-ഓടെ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്ന ഞങ്ങളുടെ ലക്ഷ്യം 30 ദശലക്ഷത്തിൽ നിന്ന് 100 ദശലക്ഷമാക്കി ഉയർത്തുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടൽക്കാടുകൾ സമുദ്രനിരപ്പ് ഉയരുന്നതിൽ നിന്നും കൊടുങ്കാറ്റുകളിൽ നിന്നും നമ്മുടെ തീരങ്ങളെ സംരക്ഷിക്കുന്നു, ജൈവവൈവിധ്യത്തിന് നിർണായകമായ ആവാസ വ്യവസ്ഥകൾ നൽകുന്നു, ശക്തമായ കാർബൺ സിങ്കുകളായി പ്രവർത്തിക്കുന്നു.”, അവർ വ്യക്തമാക്കി. “എല്ലാ മനുഷ്യരാശിക്കും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി സംരക്ഷിക്കുന്നതിനും പരിസ്ഥിതി വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും സ്വദേശത്തും വിദേശത്തും ഭക്ഷ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”, അവർ കൂട്ടിച്ചേർത്തു.

നിലവിൽ, ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗം മണ്ണൊലിപ്പ് നേരിടുന്നു. ഏറ്റവും പ്രധാനപ്പെട്ട കാർഷിക മേഖലകളിലൊന്നായ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മൂന്നിലൊന്ന് നിലവിൽ മരുഭൂവൽക്കരണത്തിന്റെ ഭീഷണിയിലാണ്.

ആഗോള കണക്കുകൾ പ്രകാരം, മണ്ണ് നശിക്കുന്നത് 6.3 ട്രില്യൺ ഡോളറിനും, 10.6 ട്രില്യൺ ഡോളറിനും ഇടയിൽ വാർഷിക നഷ്ടം ഉണ്ടാക്കുന്നു. കാർഷിക, ഫാർമസ്യൂട്ടിക്കൽ ഉൽപ്പാദനം, ശുദ്ധജല വിതരണം, പോഷക സൈക്ലിംഗ്, ഹരിതഗൃഹ വാതക (GHG) ഉദ്‌വമനം ആഗിരണം ചെയ്യൽ തുടങ്ങിയ മേഖലകളെ ഇത് ബാധിക്കുന്നു. മണ്ണിന്റെ നശീകരണം തടയുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം ഭൂമിയെ സസ്യജാലങ്ങളൊരുക്കുന്ന തണലിൽ സംരക്ഷിക്കുകയും, ജൈവ ഉള്ളടക്കത്താൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും അതിലൂടെ മണ്ണ് പുനഃസ്ഥാപിക്കുന്നതിനുള്ള ആഗോള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

WAM