2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരികെ പ്രവേശിക്കണമെന്ന് ബഹ്‌റൈൻ സിവിൽ സർവീസ് കൗൺസിൽ വ്യക്തമാക്കി. സെപ്റ്റംബർ 3 മുതൽ, ബഹ്‌റൈനിൽ COVID-19 നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവുകൾ അനുവദിക്കുന്ന ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇതോടെ ഞായറാഴ്ച്ച മുതൽ രാജ്യത്തെ സർക്കാർ ഓഫീസുകൾ 100 ശതമാനം ഹാജർ നിലയിൽ പ്രവർത്തിക്കുന്നതാണ്. ഇതിനു പുറമെ, സെപ്റ്റംബർ 5 മുതൽ COVID-19 വാക്സിൻ സ്വീകരിക്കാത്ത സന്ദർശകർക്ക് സർക്കാർ ഓഫീസുകളിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കുന്നതാണ്.
2021 സെപ്റ്റംബർ 3, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ജൂലൈ 2 മുതൽ ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. ഈ സംവിധാന പ്രകാരം, COVID-19 നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത് ഗ്രീൻ അലേർട്ട് ലെവലിലാണ്.