രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനായുള്ള പരിശോധനാ നടപടികൾ കർശനമാക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അസിസ്റ്റന്റ് ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് ഫെബ്രുവരി 13-ന് വൈകീട്ട് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
വിവിധ വകുപ്പുകളുമായി ചേർന്ന് നിയമലംഘനകർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിനാവശ്യമായ പരിശോധനകൾ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപനം തടയുന്നതിനും, സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ പൗരന്മാരും, പ്രവാസികളും അധികൃതരുമായി പൂർണ്ണമായി ഒത്ത്‌ചേർന്ന് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. രാജ്യത്തെ COVID-19 നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അത്യാവശ്യമായ ഘട്ടങ്ങളിലൊഴികെ പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും, ജനങ്ങളോട് വീടുകളിൽ തുടരാനും അദ്ദേഹം നിർദ്ദേശിച്ചു. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ സുരക്ഷാ നടപടികൾ തുടരാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. സമൂഹ ഒത്ത്‌ചേരലുകളും, കുടുംബസംഗമങ്ങളും ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 46916 പേർക്കെതിരെ ഇത് വരെ നടപടി എടുത്തതായും അദ്ദേഹം അറിയിച്ചു. സമൂഹ അകലം ഉറപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തിയ 8115 പേർക്കെതിരെ നടപടികൾ കൈക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദത്തിന്റെ സാന്നിദ്ധ്യം ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം വീണ്ടും സ്ഥിരീകരിച്ചിരുന്നു. മുൻപ് കണ്ടെത്തിയ കൊറോണ വൈറസിനേക്കാൾ വേഗത്തിൽ രോഗവ്യാപനത്തിനിടയാക്കാൻ ഈ വകഭേദത്തിന് ശേഷിയുള്ളതിനാൽ, പൊതുജനങ്ങളോട് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.