അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

featured GCC News

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള ഈ സ്റ്റാമ്പ് നവംബർ 17-നാണ് പുറത്തിറക്കിയത്.

നവോത്ഥാനത്തിന്റെ അഞ്ച് പതിറ്റാണ്ടുകളിൽ ഒമാൻ കൈവരിച്ച നേട്ടങ്ങളുടെ പ്രതീകമാണ് ഈ സ്റ്റാമ്പെന്ന് അധികൃതർ വ്യക്തമാക്കി. ഈ സ്റ്റാമ്പിന്റെ കലാപരവും, മനോഹരവുമായ സവിശേഷതകൾ ഒമാൻ എന്ന രാജ്യം കഴിഞ്ഞ അമ്പത് വർഷങ്ങളിൽ കടന്ന് വന്ന പുരോഗതിയുടെ പാതയിലെ വിവിധ നാഴികക്കല്ലുകളെ പ്രതിനിധാനം ചെയ്യുന്നു.

Source: Oman News Agency.

ഈ സ്റ്റമ്പിന് പുറമെ, ഒരു സോവനീർ ഷീറ്റ്, ഫസ്റ്റ് ഡേ കവർ എന്നിവയും ഒമാൻ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

Oman 51st National Day commemorative stamp First Day Cover.
Source: Oman News Agency.

അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താന്റെ ഛായാചിത്രം ആലേഖനം ചെയ്ത ഒരു കാൻവാസ്‌ ഷീറ്റ്, ഈ സ്റ്റാമ്പിന്റെ രൂപം മുദ്രണം ചെയ്ത ഒരു മെഡൽ തുടങ്ങിയവയും ഒമാൻ പോസ്റ്റ് വരും ദിനങ്ങളിൽ പുറത്തിറക്കുന്നതാണ്. ഇവയെല്ലാം മസ്‌കറ്റിലെ ഓപ്പറ ഗാലറിയയിൽ സ്ഥിതി ചെയ്യുന്ന സ്റ്റാമ്പ്സ് ആൻഡ് കളക്ഷൻസ് ഷോപ്പിൽ ലഭ്യമാണെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനം 2021 നവംബർ 18, വ്യാഴാഴ്ച്ച കർശനമായ COVID-19 പ്രതിരോധ മാനദണ്ഡങ്ങളോടെ ആചരിക്കുമെന്നും, ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും ഒമാൻ ജനറൽ സെക്രട്ടേറിയറ്റ് ഫോർ നാഷണൽ സെലിബ്രേഷൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.